മണിപ്പൂര്‍: കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി
|മണിപ്പൂർ വിഷയത്തിൽ കോൺഗ്രസും ബി.ആർ.എസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്
ഡല്‍ഹി: കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള അവതരണാനുമതി നൽകി. മണിപ്പൂർ വിഷയത്തിൽ കോൺഗ്രസും ബി.ആർ.എസ്സുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ചർച്ചയ്ക്കുള്ള ദിവസവും സമയവും സ്പീക്കര്‍ തീരുമാനിക്കും. കോണ്‍ഗ്രസ് എം.പി സൌരവ് ഗൊഗോയിയാണ് നോട്ടീസ് നല്‍കിയത്. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പിയാണ് ഗൊഗോയ്.
ഇന്നലെ രാത്രി പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂടിയാലോചനയിലാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയിയെ കൂടാതെ ബി.ആർ.എസ് എം.പി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടി.
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും മണിപ്പൂര്‍ വിഷയത്തില്‍ സ്തംഭിച്ചു. ലോക്സഭാ നടപടികള്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാർലമെന്റിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയ അവതരണത്തിലൂടെ കഴിയും.
Summary- A no confidence vote against the Narendra Modi led government will be held after the Congress moved the motion amid a impasse in the parliament over the violence in Manipur