India
നെഹ്‌റു മ്യൂസിയത്തിനകത്ത് പിഎം മ്യൂസിയം തുറന്ന് കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
India

നെഹ്‌റു മ്യൂസിയത്തിനകത്ത് 'പിഎം മ്യൂസിയം' തുറന്ന് കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Web Desk
|
29 March 2022 9:35 AM GMT

എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ തിരിച്ചറിയാൻ സർക്കാർ അവസരം ഒരുക്കിയിരിക്കുകയാണെന്നും മുൻ പ്രധാനമന്ത്രിമാരെ മാനിച്ചത് എൻഡിഎ മാത്രമാണെന്നും നരേന്ദ്ര മോദി

ആദ്യ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിനകത്ത് മുമ്പ് രാജ്യത്തെ നയിച്ച 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ തുറന്നുകാട്ടുന്ന 'പിഎം മ്യൂസിയം' തുറന്ന് കേന്ദ്രസർക്കാർ. ഏപ്രിൽ 14ന് നടക്കുന്ന ചടങ്ങിൽ 'പ്രധാൻ മന്ത്രി സൻഗ്രഹാലയ' പിഎം മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിൽ എംപിമാരോട് സംസാരിക്കവേ മ്യൂസിയം തുറക്കുന്ന വിവരം പ്രധാനമന്ത്രി പങ്കുവെക്കുകയായിരുന്നു.


എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ തിരിച്ചറിയാൻ സർക്കാർ അവസരം ഒരുക്കിയിരിക്കുകയാണെന്നും മുൻ പ്രധാനമന്ത്രിമാരെ മാനിച്ചത് എൻഡിഎ മാത്രമാണെന്നും പല വിഷയങ്ങളിലും നെഹ്‌റുവിനെ വിമർശിച്ചിരുന്ന അദ്ദേഹം അവകാശപ്പെട്ടു. സാമൂഹിക നീതിക്കായി നിലകൊള്ളാനും ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 'സമാജിക് ന്യായ് പക്‌വാഡ' പദ്ധതിയുടെ ഭാഗമായായിരുന്നു നിർദേശം.

ഏപ്രിൽ 14ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അംബേദ്കർ മ്യൂസിയം എല്ലാ ബിജെപി എംപിമാരും സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. അംബേദ്കർ ജയന്തി 14 ന് ആചരിക്കപ്പെടുന്ന സാഹചര്യത്തിലാണ് മ്യൂസിയം തുറക്കുന്നത്. ബിജെപി സ്ഥാപക ദിനമായ ഏപ്രിൽ ആറു മുതൽ അംബേദ്കർ ജയന്തി ദിനം വരെ പാർട്ടി വിവിധ പരിപാടികൾ നടത്തുന്നുണ്ട്. പാർലമെൻററി യോഗത്തിൽ പ്രധാനമന്ത്രിയെ കൂടാതെ ബിജെപി പ്രസിഡൻറ് ജെപി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു.


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തിറക്കിയ പോസ്റ്ററിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഉൾപ്പെടത്തിയിരുന്നില്ല. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയിരുന്നത്. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബിആർ അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ്ഭായി ബട്ടേൽ, മദൻ മോഹൻ മാളവ്യ എന്നിവർക്കൊപ്പം സവർക്കറും ഇടം പിടിച്ചിരുന്നു.

നെഹ്റുവിന്റെ 132-ാം ജന്മദിനത്തിൽ പാർലമെന്റിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാർ പങ്കെടുത്തിരുന്നില്ല. ലോക്സഭാ ചെയർമാനും രാജ്യസഭാ സ്പീക്കറുമൊന്നും ചടങ്ങിനെത്തിയിട്ടില്ല. നെഹ്റുവിന്റെ ജന്മദിന ചടങ്ങ് ബഹിഷ്‌ക്കരിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. അസാധാരണ നടപടിയെന്നാണ് രാജ്യസഭാ എംപി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.


നെഹ്റു കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയി അന്താരാഷ്ട്രവൽക്കരിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വിഷയമാണത്. ആഗോള വേദിയിലേക്ക് പോകരുതായിരുന്നുവെന്നും നിർമല സീതാരാമൻ രാജ്യസഭയിൽ പറയുകയായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിനിടെ 1948 ജനുവരിയിൽ നെഹ്റു യുഎൻ രക്ഷാസമിതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയുടെ അടിസ്ഥാനത്തിൽ, യു.എൻ സുരക്ഷാ കൗൺസിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ യുഎൻ കമ്മീഷൻ രൂപീകരിച്ചു.

Govt opens PM Museum inside Nehru Museum; The Prime Minister Narendra Modi will inaugurate

Similar Posts