പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്‍പ്പെടെ 41 മരുന്നുകളുടെ വില കുറച്ചു
|വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാർക്കും സ്റ്റോക്കിസ്റ്റുകൾക്കും ഉടൻ പ്രാബല്യത്തിൽ എത്തിക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്
ഡല്‍ഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില കുറച്ചു. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ പ്രശ്നങ്ങൾ എന്നിവക്കുള്ള മരുന്നുകള്‍, ആൻ്റാസിഡുകൾ, അണുബാധകൾ, അലർജികൾ എന്നിവയ്ക്കുള്ള മരുന്നുകൾ, മൾട്ടിവിറ്റാമിനുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുടെ വില കുറച്ചതായി ഫാർമസ്യൂട്ടിക്കൽ, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാർക്കും സ്റ്റോക്കിസ്റ്റുകൾക്കും ഉടൻ പ്രാബല്യത്തിൽ എത്തിക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻപിപിഎയുടെ 143-ാം യോഗത്തിലാണ് അവശ്യമരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറയുന്നതോടെ 10 കോടിയിലധികം പ്രമേഹ രോഗികള്‍ക്കാണ് പ്രയോജനം ലഭിക്കുക. "മരുന്നുകളുടെയും ഫോർമുലേഷനുകളുടെയും വിലയിൽ മാറ്റം വരുത്തുന്നത് എൻപിപിഎ പോലുള്ള റെഗുലേറ്ററി ബോഡിയുടെ പതിവ് ജോലിയാണ്. പൊതുജനങ്ങൾക്കുള്ള അവശ്യമരുന്നുകളില്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ചെലവ് താങ്ങാനാവുന്നതാണോ എന്ന് ഉറപ്പാക്കുമെന്നും'' ഒരു മുതിര്‍ന്ന എൻപിപിഎ ഉദ്യോഗസ്ഥന് പറഞ്ഞു.
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് പോലുള്ള മരുന്നുകളുടെ വില ഒരു ടാബ്ലെറ്റിന് 30 രൂപയിൽ നിന്ന് 16 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആസ്ത്മയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കാനും ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന ബുഡെസോണൈഡും ഫോർമോട്ടെറോളും പോലുള്ള കോമ്പിനേഷനുകൾ ഒരു ഡോസിന് 6.62 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തെ 120 ഡോസുകള്‍ അടങ്ങിയ ഒരു കുപ്പിക്ക് 3800 രൂപയായിരുന്നു വില. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികകൾ ഇനി 11.07 രൂപയിൽ നിന്ന് 10.45 രൂപയ്ക്ക് ലഭിക്കും.
കഴിഞ്ഞ മാസം, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് 923 ഷെഡ്യൂൾ ചെയ്ത ഔഷധ ഫോർമുലേഷനുകളുടെ പുതുക്കിയ പരിധി വിലയും 65 ഫോർമുലേഷനുകളുടെ പുതുക്കിയ റീട്ടെയിൽ വിലയും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.