India
അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ ആർ.ബി.ഐ; അംഗീകൃത ആപ്പുകളുടെ പട്ടിക തയ്യാറാക്കും
India

അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ ആർ.ബി.ഐ; അംഗീകൃത ആപ്പുകളുടെ പട്ടിക തയ്യാറാക്കും

Web Desk
|
10 Sep 2022 4:12 AM GMT

നിയമ വിരുദ്ധ ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യും

ഡൽഹി: ഓൺലൈൻ ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ ആർ.ബി.ഐ. ധന മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ നീക്കം. നിയമ വിരുദ്ധ ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യും. അതോടൊപ്പം അംഗീകൃത ആപ്പുകളുടെ പട്ടിക തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. അനധികൃത വായ്പാ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

ഓൺലൈൻ വായ്പാ ആപ്പുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആർബിഐയുടെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ആപ്പുകൾ നിയന്ത്രിക്കാൻ തീരുമാനമെടുത്തത്. ആർബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആപ്പുകൾക്ക് മാത്രമേ ഇനി അനുമതി ലഭിക്കുകയൊള്ളൂ.

ഓൺലൈൻ ലോൺ ആപ്പുകളുടെ രജിസ്ട്രേഷൻ ഒരു സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും അതിനുശേഷം രജിസ്റ്റർ ചെയ്യാത്ത ഒരു ആപ്പും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു. നടപടികൾ ധനമന്ത്രാലയം നിരന്തരം നിരീക്ഷിക്കും. ഇതിന് പുറമെ ഉപഭോക്താക്കൾ, ബാങ്ക് ജീവനക്കാർ, നിയമ നിർവഹണ ഏജൻസികൾ എന്നിവർക്ക് സൈബർ അവബോധം വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

ധനകാര്യ സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സെക്രട്ടറി, ആർബിഐ ഡെപ്യൂട്ടി ഗവർണർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Similar Posts