താത്കാലിക ജാമ്യം ലഭിച്ചു; അമൃത്പാൽ സിങ്ങിന്റെ സത്യപ്രതിജ്ഞ ജൂലൈ അഞ്ചിന്
|അമൃത്‍സർ ഡെപ്യൂട്ടി കമ്മീഷണറാണ് അമൃത്പാലിന് പരോൾ അനുവദിച്ച് ഉത്തരിവിറക്കിയത്
ഡൽഹി: ജയിലിൽ കഴിയുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയ പഞ്ചാബിൽ നിന്നുള്ള സ്വതന്ത്ര എം.പി അമൃത്പാൽ സിങ് ജൂലൈ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട് അസമിലെ ജയിലിൽ കഴിയുന്നതിനാലാണ് ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നത്.
വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത്പാലിനൊപ്പം കാശ്മീരിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയർ റാഷിദും സത്യപ്രതിജ്ഞ ചെയ്യും. യുഎപിഎ കേസിൽ ഡൽഹി തിഹാർ ജയിലിൽ കഴിയുന്നതിനാലാണ് ബാരാമുള്ളയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയത്.
സത്യപ്രതിജ്ഞ ചെയ്യുന്നതിനു വേണ്ടി ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലേക്ക് അമൃത്പാലിനെ എത്തിക്കുമെങ്കിലും ലോക്സഭയുടെ ഔദ്യോഗിക പ്രക്രിയകളിൽ പങ്കെടുക്കാൻ അദ്ധേഹത്തിന് അനുമതിയില്ലെന്ന് അധികൃതർ അറിയിച്ചു. അമൃത്‍സർ ഡെപ്യൂട്ടി കമ്മീഷണറാണ് അമൃത്പാലിന് പരോൾ അനുവദിച്ച് ഉത്തരിവിറക്കിയത്. എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിങ് പഞ്ചാബ് സർക്കാരിന് കത്തെഴുതിയിരുന്നു.
ഖലിസ്ഥാൻവാദിയായ അമൃത്പാൽ രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ട്. ലഹരി മാഫിയക്കെതിരെ നടപടിയെടുത്തതിനാണ് അറസ്റ്റെന്നാണ് അനുയായികൾ ആരോപിക്കുന്നത്.
മാർച്ച് 18നാണ് ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്.