ലുങ്കിയുടുത്തും നൈറ്റി ധരിച്ചും ഫ്ലാറ്റിനു പുറത്തിറങ്ങരുത്; താമസക്കാര്‍ക്ക് ഡ്രസ് കോഡുമായി റെസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍
|ഗ്രേറ്റര്‍ നോയിഡയിസെ സെക്ടര്‍ ഫി 2വിലെ റെസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷനാണ് പുതിയ നിര്‍ദേശവുമായി എത്തിയത്
നോയിഡ: താമസക്കാര്‍ക്ക് വിചിത്രമായ ഡ്രേസ് കോഡുമായി നോയിഡയിലെ അപ്പാര്‍ട്ട്മെന്‍റ് ഉടമകള്‍.ലുങ്കിയുടുത്തും നൈറ്റി ധരിച്ചും ഫ്ലാറ്റിനു പുറത്തിറങ്ങരുതെന്നുള്ള നിര്‍ദേശം വിവാദമായിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയിസെ സെക്ടര്‍ ഫി 2വിലെ റെസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷനാണ് പുതിയ നിര്‍ദേശവുമായി എത്തിയത്.
ജൂണ്‍ 10ന് ഹിമസാഗര്‍ അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാര്‍ക്കായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. 'സമാജത്തിന്‍റെ പരിസരത്ത് നടക്കാനുള്ള ഡ്രസ് കോഡ്' എന്ന തലക്കെട്ടിലുള്ള നോട്ടീസ് നൽകിയത്.''നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നിങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. അങ്ങനെ ആര്‍ക്കും നിങ്ങളെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാക്കരുത്. അതിനാല്‍ വീട്ടില്‍ ധരിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്ന്'' സര്‍ക്കുലറില്‍ പറയുന്നു. ഏതാനും സ്ത്രീകളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടതെന്ന് റെസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ കല്‍റ പറഞ്ഞു.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു മുതിർന്ന പൗരൻ ലുങ്കി ധരിച്ച് പാർക്കിൽ യോഗ ചെയ്യുന്നതിനെക്കുറിച്ച് ചില സ്ത്രീകൾ ഞങ്ങളോട് പരാതിപ്പെട്ടു. ഞങ്ങൾ ആദ്യം ആളുകളോട് വാക്കാൽ അഭ്യർത്ഥിക്കാൻ ശ്രമിച്ചു. തുടർന്ന് ഞങ്ങളുടെ അസോസിയേഷൻ അത് ഒരു സർക്കുലർ രൂപത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു'' അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇത് അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാര്‍ക്ക് മാത്രം ബാധകമാണെന്നും കല്‍റ വ്യക്തമാക്കി. സർക്കുലറിൽ പ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്ന് താമസക്കാർ പറഞ്ഞു.എന്നാല്‍ സംഭവം വിവാദമായിട്ടുണ്ട്. ഒരു റസിഡൻഷ്യൽ സൊസൈറ്റി ഒരു വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന് ഗ്രേറ്റർ നോയിഡയിലെ ഫെഡറേഷൻ ഓഫ് ആർഡബ്ല്യുഎസിന്‍റെ പ്രസിഡന്‍റ് ദേവേന്ദർ ടൈഗർ പറഞ്ഞു. വെൽഫെയർ അസോസിയേഷനുകൾക്ക് അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാനോ പുറത്തിറക്കാനോ അധികാരമില്ലെന്ന് നോയിഡ ഫെഡറേഷൻ ഓഫ് അപ്പാർട്ട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് സിംഗ് പറഞ്ഞു.