India
PM Modi,Groom in trouble,wedding card PM Modi,PM Modi namewedding card,wedding invitation,കല്യാണക്കുറിയില്‍ മോദിയുടെ പേര്,കര്‍ണാടക,വരനെതിരെ കേസ്
India

കല്യാണക്കുറിയിൽ മോദിക്ക് വേണ്ടി വോട്ടഭ്യർഥിച്ചു; പുലിവാലു പിടിച്ച് വരൻ, കേസ്

Web Desk
|
30 April 2024 11:19 AM GMT

വരന്‍റെ ബന്ധുക്കളിൽ ഒരാൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു

ബെംഗളൂരു: വിവാഹക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വോട്ട് ചോദിച്ച വരനെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലാണ് സംഭവം. ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂക്കിലെ വരനാണ് കല്യാണക്കുറിയിൽ മോദിയുടെ പേര് ഉപയോഗിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. 'ദമ്പതികൾക്ക് നിങ്ങൾ നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുക എന്നതായിരിക്കും...' ഈ ടാഗ് ലൈനോടെയാണ് കല്യാണക്കുറി തയ്യാറാക്കിയിരിക്കുന്നത്. ബന്ധുക്കളിൽ ഒരാൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതോടെയാണ് വരൻ കുടുങ്ങിയത്.


പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 14 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വരന്റെ പുത്തൂർ താലൂക്കിലെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ്, മാർച്ച് ഒന്നിന് താൻ ക്ഷണക്കത്ത് അച്ചടിച്ചിരുന്നുവെന്നാണ് വരന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനമൂലമാണ് ഇങ്ങനെ ചെയ്തതെന്നും വരൻ പറഞ്ഞു. ഏപ്രിൽ 18നായിരുന്നു ഇയാളുടെ വിവാഹം.

എന്നാൽ വരന്റെ വിശദീകരണത്തിൽ തൃപ്തരല്ലാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഏപ്രിൽ 26 ന് ഉപ്പിനങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പുറമെ ക്ഷണക്കത്ത് അച്ചടിച്ച പ്രസ് ഉടമയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്.

അതേസമയം,പ്രധാനമന്ത്രി മോദിയുടെ പേര് വിവാഹ കാർഡിൽ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. ഒരുമാസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ഹൈദരാബാദിലായിരുന്നു മകന്റെ വിവാഹക്ഷണക്കത്തിൽ പിതാവ് മോദിക്ക് വേണ്ടി വോട്ടഭ്യർഥിച്ചത്. ഏറെ വിവാദമായിരുന്നെങ്കിലും വരനെതിരെയോ വധുവിനെതിരെയോ നിയമനടപടി സ്വീകരിച്ചിരുന്നില്ല.

Similar Posts