ക്ഷേത്രത്തിന് വാട്ടര്‍ കൂളര്‍ സംഭാവന നല്‍കിയത് മുസ്‌ലിം; ശിലാഫലകം തകര്‍ത്ത് ബജറംഗദള്‍
|ശിലാഫലകം തകര്‍ത്തവര്‍ക്കെതിരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കി.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്ഷേത്രത്തിന് വാട്ടര്‍ കൂളര്‍ സംഭാവന നല്‍കിയ വ്യക്തിയുടെ പേര് കൊത്തിവെച്ച ശിലാഫലകം ബജറംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. മുസ്‌ലിമായ വ്യക്തിയുടെ പേര് കൊത്തിവെച്ച ശിലാഫലകം വേണ്ട എന്നുപറഞ്ഞാണ് ക്ഷേത്രത്തിലേക്ക് അതിക്രമിച്ചു കടന്ന ബജറംഗദള്‍ പ്രവര്‍ത്തകര്‍ ശിലാഫലകം തകര്‍ത്തത്.
മറ്റൊരു സമുദായത്തില്‍പ്പെട്ട വ്യക്തിയുടെ പേര് കൊത്തിവെച്ച ഒരു ഫലകം ക്ഷേത്രത്തിന്റെ ചുമരില്‍ സ്ഥാപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല-ബജറംഗദള്‍ നേതാവായ കരണ്‍ ചൗധരി പറഞ്ഞു. ഇയാളാണ് ഹാമര്‍ ഉപയോഗിച്ച് ഫലകം തകര്‍ത്തത്.
#BajrangDal activist breaks the foundation stone of a water cooler donated by #Samajwadiparty (youth wing) leader Salman Shahid to a temple in #Aligarh, as it had his name on it. @aligarhpolice @Uppolice pic.twitter.com/G0vqpRp0D4
— Anuja Jaiswal (@AnujaJaiswalTOI) June 30, 2021
ശിലാഫലകം തകര്‍ത്തവര്‍ക്കെതിരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കി. സാമൂഹ്യവിരുദ്ധരുടെ സംഘം ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി ഫലകം തകര്‍ത്തെന്ന് പരാതിയില്‍ പറയുന്നു. ബജറംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്ഷേത്ര ഭരണസമിതി അധ്യക്ഷന്‍ സത്യപാല്‍ സിങ് ആവശ്യപ്പെട്ടു.
സമാജ് വാദി പാര്‍ട്ടി നേതാവായ സല്‍മാന്‍ ഷാഹിദാണ് ക്ഷേത്രത്തിന് വാട്ടര്‍ കൂളര്‍ സംഭാവന നല്‍കിയത്. എസ്.പി യുവജന വിഭാഗത്തിന്റെ സംസ്ഥാന ട്രഷററാണ് ഷാഹിദ്. അലിഗറില്‍ ക്ഷേത്രങ്ങളിലും പള്ളികളിലുമായി 100 വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കുമെന്ന് താന്‍ തീരുമാനിച്ചതാണ്. ഇതിന് ചിലര്‍ വര്‍ഗീയനിറം നല്‍കുന്നത് ഞെട്ടിച്ചെന്ന് ഷാഹിദ് പറഞ്ഞു.