India
പഠാന്‍ സിനിമക്കെതിരെ ബജ്‌റംഗ്‌ദള്‍ പ്രതിഷേധം; അഹമ്മദാബാദില്‍ ബോര്‍ഡുകള്‍ തകര്‍ത്തു
India

പഠാന്‍ സിനിമക്കെതിരെ ബജ്‌റംഗ്‌ദള്‍ പ്രതിഷേധം; അഹമ്മദാബാദില്‍ ബോര്‍ഡുകള്‍ തകര്‍ത്തു

Web Desk
|
5 Jan 2023 3:54 AM GMT

ജയ് ശ്രീ റാം വിളിച്ചുകൊണ്ടാണ് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്

അഹമ്മദാബാദ്: ഷാരൂഖ് ഖാന്‍റെ 'പഠാൻ' സിനിമയുടെ പ്രമോഷനെതിരെ ബജ്‌റംഗ്‌ദള്‍ പ്രതിഷേധം. അഹമ്മദാബാദിലെ കർണാവതിയിലെ മാളിൽ അതിക്രമിച്ച് കയറി ബോർഡുകൾ തല്ലിത്തകർത്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജയ് ശ്രീ റാം വിളിച്ചുകൊണ്ടാണ് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. മാള്‍ അധികൃതര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു. ബജ്റംഗ്‍ദള്‍ ഗുജറാത്ത് ഘടകത്തിന്‍റെ വെരിഫൈഡ് അല്ലാത്ത ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അക്രമത്തിന്‍റെ രണ്ട് വീഡിയോകള്‍ പുറത്തുവിട്ടിട്ടുണ്ട്. ''ഇന്ന് കര്‍ണാവതിയില്‍ സനാതന ധര്‍മത്തിനെതിരായ പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മള്‍ട്ടിപ്ലക്സിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ബജ്റംഗ്‍ദള്‍ അതിനു മറുപടി നല്‍കും. 'ധർമ്മ'യുടെ ബഹുമാനാർത്ഥം ബജ്‌റംഗ് ദൾ'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാരൂഖിനെ അധിക്ഷേപിച്ച പ്രവര്‍ത്തകര്‍ സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും മാളിനു പുറത്ത് മാര്‍ച്ച് ചെയ്യുകയും ചെയ്യുന്നത് രണ്ടാമത്തെ വീഡിയോയില്‍ കാണാം. ഗുജറാത്തില്‍ ഒരിടത്തും പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബജ്റംഗ്‍ദള്‍ അനുവദിക്കില്ലെന്നും ട്വീറ്റില്‍ പറയുന്നു.

ഷാരൂഖ് ഖാനും ദിപീക പദുക്കോണും നായികാനായകന്‍മാരായ പഠാനിലെ 'ബേഷറം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് സിനിമ വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിന്‍റെ നിറമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് സിനിമയില്‍ മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടു. ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പെഴ്സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചിരുന്നു.

Similar Posts