മന്ത്രിസഭയിൽ ഹാർദികും അൽപേഷുമില്ല; ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റു
|കഴിഞ്ഞ സർക്കാരിലെ 11 മന്ത്രിമാരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്
അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിന് രണ്ടാമൂഴം. ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖരെ സാക്ഷിയാക്കി പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാബിനറ്റ് പദവിയുള്ള എട്ടുപേരടക്കം 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപം ഹെലിപാഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമൊപ്പം വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിന് സാക്ഷിയാകാനെത്തിയിരുന്നു.
കഴിഞ്ഞ സർക്കാരിലെ 11 മന്ത്രിമാരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. കാനു ദേശായ്, ഋഷികേഷ് പട്ടേൽ, രാഘവ്ജി പട്ടേൽ, ബൽവന്ത്സിങ് രാജ്പുത്, കുൻവർജി ബവാലിയ, മുളു ബേര, കുബർ ദിൻഡോർ, ഭാനുബെൻ ബബാരിയ എന്നിവരാണ് കാബിനറ്റ് റാങ്കുള്ള മന്ത്രിമാർ. ഹർഷ് സാങ്വി, ജഗദീഷ് വിശ്വകർമ എന്നിവർ സ്വതന്ത്ര പദവിയുള്ള മന്ത്രിമാരാണ്. പരുഷോത്തം സോളങ്കി, ബച്ചു ഖബാഡ്, മുകേഷ് പട്ടേൽ, പ്രഫുൽ പൻഷേരിയ, കുവർജി ഹൽപാതി, ഭികുസിങ് പാർമർ എന്നിവരാണ് മറ്റു മന്ത്രിമാർ.
ജാതി, സാമുദായിക സമവാക്യങ്ങൾക്ക് മുൻഗണന നൽകിയാണ് മന്ത്രിസഭാ രൂപീകരണം. എന്നാൽ, കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവർക്ക് മന്ത്രിസഭയിൽ ഇടംലഭിച്ചിട്ടില്ല. ഇരുവരെയും പരിഗണിച്ചേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന വിലയരുത്തലുകളെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ് ഫലം. ആകെ 182 സീറ്റിൽ 156ഉം ജയിച്ച് മൃഗീയ ഭൂരിപക്ഷത്തോടെയാണ് ഭൂപേന്ദ്ര അധികാരമേൽക്കുന്നത്. 53 ശതമാനമാണ് വോട്ട് ശതമാനം.
Summary: Gujarat BJP leader Bhupendra Patel took oath as the Chief Minister for the second time in a grand ceremony at Gandhinagar