200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്
|ജൈന മതവിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും ഫെബ്രുവരിയിലാണ് സ്വത്ത് ദാനം ചെയ്തത്.
സൂറത്ത്: 200 കോടിയോളം രൂപയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ വ്യവസായിയും ഭാര്യയും സന്ന്യാസം സ്വീകരിക്കുന്നു. ജൈന മതവിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും ഫെബ്രുവരിയിലാണ് സ്വത്ത് ദാനം ചെയ്തത്. ഹിമ്മത്ത് നഗറിൽനിന്നുള്ള കെട്ടിട നിർമാണ വ്യവസായിയാണ് ഭവേഷ് ഭണ്ഡാരി. 2022ൽ ഇവരുടെ 19 കാരിയായ മകളും 16 കാരനായ മകനും സന്ന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പാത പിന്തുടർന്നാണ് ഇരുവരും സന്ന്യാസത്തിലേക്ക് തിരിഞ്ഞതെന്ന് ജൈന സമുദായാംഗങ്ങൾ പറഞ്ഞു. ഈ മാസം അവസാനം ഇരുവരും സന്യാസ ദീക്ഷ സ്വീകരിക്കും.
ഏപ്രിൽ 22ന് സന്ന്യാസ ദീക്ഷ സ്വീകരിക്കാനുള്ള പ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞാൽ എല്ലാ കുടുംബ ബന്ധങ്ങളും ഉപേക്ഷിക്കണം. ഭൗതിക വസ്തുക്കൾ ഒന്നും സൂക്ഷിക്കാൻ അനുവദിക്കില്ല. ഇന്ത്യ മുഴുവൻ നഗ്നപാദരായി സഞ്ചരിച്ച് ഭിക്ഷ യാചിച്ച് ജീവിക്കും. രണ്ട് വെള്ള വസ്ത്രങ്ങൾ, ഭിക്ഷപ്പാത്രം, ഇരിക്കുന്ന സ്ഥലത്തുനിന്ന് പ്രാണികളെയും മറ്റും അകറ്റാൻ ജൈന സന്ന്യാസികൾ ഉപയോഗിക്കുന്ന വെള്ള ചൂൽ എന്നിവ മാത്രമേ ഇനി ഇവർക്ക് സ്വന്തമായി ഉണ്ടാവൂ.
കോടികൾ ആസ്തിയുള്ള ഭണ്ഡാരി കുടുംബം സന്ന്യാസ ജീവിതം സ്വീകരിക്കുന്നത് സംസ്ഥാനത്ത് വലിയ വാർത്തയായിരുന്നു. ഇവർ മറ്റു 35 പേർക്കൊപ്പം നാല് കിലോമീറ്ററോളം ഘോഷയാത്രയായി സഞ്ചരിച്ചാണ് മൊബൈൽ ഫോണുകളും എ.സിയും അടക്കം സ്വത്തുക്കളെല്ലാം ദാനം ചെയ്തത്.
കഴിഞ്ഞ വർഷം ഗുജറാത്തിലെ ശതകോടീശ്വരനായ വജ്രവ്യാപാരിയും ഭാര്യയും ഇതുപോലെ സന്ന്യാസം സ്വീകരിച്ചിരുന്നു. അതിന് അഞ്ച് വർഷം മുമ്പ് അവരുടെ 12 കാരൻ മകൻ സന്ന്യാസ ദീക്ഷ സ്വീകരിച്ചിരുന്നു.