തെളിവില്ല; ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ വെറുതെവിട്ടു
|രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്
ഗോധ്ര: 2002 ലെ ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ച്മഹൽ ജില്ലയിലെ ദെലോൾ ഗ്രാമത്തിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഗുജറാത്ത് വിചാരണക്കോടതിയുടേതാണ് ഉത്തരവ്. 18 വർഷം നീണ്ട വിചാരണയ്ക്കിടെ 22 പ്രതികളിൽ എട്ടു പേർ വിചാരണ കാലയളവിൽ മരിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി ഹർഷ് ത്രിവേദിയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിറക്കിയത്.
കുറ്റാരോപിതർക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സാക്ഷികൾ പോലും കൂറുമാറിയെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗോപാൽസിങ് സോളങ്കി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. നദിയുടെ തീരത്തെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പൊലീസ് അസ്ഥികൾ കണ്ടെടുത്തെങ്കിലും അവ കൊല്ലപ്പെട്ടവരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞിരുന്നു.
2002ൽ ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സബർമതി ട്രെയിൻ കല്ലേറിന് ശേഷം സംസ്ഥാനത്തുടനീളം വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരും തീർത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബർമതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിൽ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ഒരു ദിവസം കഴിഞ്ഞ്, മാർച്ച് ഒന്നിന്, ഗോധ്രയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കലോൽ പട്ടണത്തിലെ ഡെലോൽ ഗ്രാമത്തിൽ കലാപം പടർന്നു. കലാപത്തിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കി, അതിലാണ് 17 അംഗങ്ങൾ വെന്തുമരിച്ചത്.സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്തത്.