അപകീര്‍ത്തിക്കേസിലെ വിധി;രാഹുലിന്‍റെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും
|കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു
ഗുജറാത്ത്: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് ഹരജിയിൽ വാദം കേൾക്കുക . കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഗീത ഗോപി നേരത്തെ പിന്‍മാറിയിരുന്നു.കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു.
തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ.
നേരത്തെ മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. സൂറത്ത് സി.ജെ.എം കോടതിയുടേതാണ് വിധി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം തുഗ്ലക്ക് ലൈനിലെ വസതിയൊഴിഞ്ഞു. 19 വര്‍ഷം താമസിച്ച വീട്ടില്‍ നിന്നാണ് രാഹുല്‍ പടിയിറങ്ങിയത്. അമ്മ സോണിയാ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലേക്കാണ് രാഹുല്‍ താമസം മാറ്റിയത്.