'കാത്തിരുന്നു മടുത്തു'; അഹമ്മദ് പട്ടേലിന്റെ മകൻ എഎപിയിൽ ചേരുമെന്ന് സൂചന
|മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ തട്ടകമായ ഗുജറാത്തിൽ ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എഎപി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന് സൂചന. കാത്തിരുന്നു മടുത്തെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കളൊന്നും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
''കാത്തിരുന്നു മടുത്തു. മുതിർന്നവരിൽ നിന്ന് ഒരു പ്രോത്സാഹനവുമില്ല. എന്റെ സാധ്യതകൾ തുറന്നുകിടക്കുകയാണ്''-ഫൈസൽ ട്വീറ്റ് ചെയ്തു.
ഈ വർഷം അവസാനം ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫൈസൽ കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പമുള്ള ഫൈസലിന്റെ ഫോട്ടോ ഇന്ന് സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം എഎപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. കൂടുതൽ പ്രതികരണത്തിനില്ലെന്നും തനിക്ക് പറയാനുള്ളതെല്ലാം ട്വീറ്റിലുണ്ടെന്നും ഫൈസൽ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫൈസൽ ഇതുവരെ പങ്കെടുത്തിട്ടില്ല. ഏപ്രിൽ ഒന്നു മുതൽ ഭറൂച്ച്, നർമദ ജില്ലകളിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് റമദാൻ ആയതിനാൽ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
I am delaying my tour of Bharuch assembly seats as the holy month of Ramadan is about to begin in a few days. Inconvenience is regretted.
— Faisal Patel (@mfaisalpatel) March 30, 2022
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ തട്ടകമായ ഗുജറാത്തിൽ ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എഎപി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിലെത്തിയ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും റോഡ്ഷോ അടക്കം വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ആത്മീയനേതാക്കളെ സ്ന്ദർശിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഇതുവരെ കാര്യമായ പ്രചാരണപരിപാടികൾ തുടങ്ങിയിട്ടില്ല.