India
സ്മാർട്ടായി അഭിനയിക്കുന്നു; മോർബി പാലം തകർച്ചാ കേസിൽ ഹാജരാകാതിരുന്ന മുൻസിപ്പാലിറ്റിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി
India

'സ്മാർട്ടായി അഭിനയിക്കുന്നു'; മോർബി പാലം തകർച്ചാ കേസിൽ ഹാജരാകാതിരുന്ന മുൻസിപ്പാലിറ്റിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി

Web Desk
|
15 Nov 2022 9:51 AM GMT

പതിറ്റാണ്ടുകളായി ബിജെപിയാണ് മോർബി മുൻസിപ്പാലിറ്റി ഭരിക്കുന്നത്

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് 135 പേർ മരിച്ച കേസിൽ മുൻസിപ്പാലിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. 150 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണി ചെയ്യാൻ കരാർ നൽകിയ രീതിയെ വിമർശിച്ച ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ മോർബി മുൻസിപ്പാലിറ്റി വിഷയത്തിൽ 'സ്മാർട്ടായി അഭിനയിക്കുന്നുവെന്നും' കുറ്റപ്പെടുത്തി. ഒക്‌ടോബർ 30ന് നടന്ന സംഭവത്തെ കുറിച്ചുള്ള ഹിയറിംഗിൽ മുൻസിപ്പാലിറ്റിയെ പ്രതിനീധീകരിച്ച് ആരും എത്തിയിരുന്നില്ല. ഇതും കോടതിയെ ചൊടിപ്പിച്ചു. ഇതേ തുടർന്നാണ് അവർ സ്മാർട്ടായി അഭിനയിക്കുന്നുവെന്ന വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ കോടതിയിൽ മുൻസിപ്പാലിറ്റി നേരിട്ട് മറുപടി നൽകണമെന്നും ഉത്തരവിട്ടു. പതിറ്റാണ്ടുകളായി ബിജെപിയാണ് മുൻസിപ്പാലിറ്റി ഭരിക്കുന്നത്.

പാലത്തിന്റെ ഫിറ്റ്‌നസ് പരിശോധന കരാറിന്റെ ഭാഗമായിരുന്നോയെന്നും സംഭവത്തിന് ഉത്തരവാദി ആരാണെന്നും അറിയിക്കണമെന്നും കോടതി പറഞ്ഞു. പ്രധാന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതിന് കാരണം കാണിക്കണമെന്നും ഉത്തരവിട്ടു. ടെൻഡർ നടപടികൾ പോലുമില്ലാതെ പദ്ധതിക്ക് പണം നൽകിയതായും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് ടെൻഡർ നടപടികൾ ചെയ്യാതിരുന്നതെന്ന് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ബുധനാഴ്ച കേസ് കേൾക്കുമെന്ന് വ്യക്തമാക്കി.

ഒന്നര പേജിൽ ഏഴു കോടിയുടെ കരാർ

നൂറ്റാണ്ടിലേറെ പഴക്കമുള്ള മോർബി തൂക്കുപാലത്തിന്റെ പരിപാലന മേൽനോട്ട ചുമതലയുടെ കരാർ ടെൻഡർ പോലും വിളിക്കാതെ 15 വർഷത്തേക്ക് ഒരേവ കമ്പനിക്കാണ് നൽകിയിരുന്നത്. അജന്ത ഗ്രൂപ്പിന് കീഴിൽ വാച്ച് നിർമിക്കുന്ന ഒരേവ കമ്പനിക്ക് പാലത്തിന്റെ അറ്റകുറ്റ പണിയിൽ മുൻപരിചയം ഇല്ലാത്തതിൽ പ്രതിപക്ഷ പാർട്ടികൾ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. കേവലം ഒന്നര പേജിലായിരുന്നു കമ്പനിയമായുള്ള ഏഴു കോടിയുടെ കരാർ തയ്യാറാക്കിയിരുന്നത്. ഇതും ഹൈക്കോടതി ചോദ്യം ചെയ്തു. ഇത്ര പ്രധാനപ്പെട്ട കാര്യത്തിന് ഒന്നര പേജിലാണോ കരാർ തയ്യാറാക്കിയതെന്നായിരുന്നു ചോദ്യം. സംസ്ഥാനത്തെ ഏറ്റവും വലിയ തുക ടെണ്ടറില്ലാതെ നൽകുകയായിരുന്നുവോയെന്നും ചോദിച്ചു. 2008ൽ ഒപ്പിട്ട കരാർ 2017 ജൂണിന് ശേഷം പുതുക്കിയില്ലല്ലോയെന്ന് കോടതി ചോദിച്ചപ്പോൾ ഈ വർഷം കരാർ പുതുക്കിയെന്ന് അധികൃതർ അറിയിച്ചു. 2017ന് ശേഷം കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മോർബി ജില്ലാ കലക്ടറും മുൻസിപ്പാലിറ്റി അധികൃതരും എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. സ്വന്തം നിലയിൽ ദുരന്തത്തിൽ ഇടപെട്ട കോടതി ആറു വകുപ്പുകളിൽ നിന്ന് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന് പുറമേ ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയും കേസ് പരിഗണിക്കുന്ന ബെഞ്ചിലുണ്ട്.

അറസ്റ്റിലായത് കമ്പനിയുടെ ചുരുക്കം ചില ജീവനക്കാർ

മോർബി ദുരന്തത്തിൽ അറ്റകുറ്റപണി ഏറ്റെടുത്ത കമ്പനിയുടെ ചുരുക്കം ചില ജീവനക്കാർ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഏഴു കോടിയുടെ കരാറിലേർപ്പെട്ട മുതിർന്ന അധികൃതർക്കെതിരെ നടപടികളൊന്നുമുണ്ടായിട്ടില്ല. പാലം തുറന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർക്ക് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുമില്ല. പാലത്തിലെ തുരുമ്പിച്ച കേബിളുകൾ മാറ്റാതെ കമ്പനി വളരെ കനമുള്ള പുതിയ ഫ്‌ളോറിങ് ചെയ്യുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. കമ്പനിയുമായുള്ള കരാറിന്റെ എല്ലാ രേഖകളും മുദ്രവെച്ച് കവറിൽ നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

സംഭവത്തിൽ സർക്കാർ മിന്നൽ വേഗത്തിൽ ഇടപെട്ടുവെന്നും നിരവധി ജീവനുകൾ രക്ഷിച്ചുവെന്നും കോടതിയെ അറിയിച്ചു. 'ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വേറെയും കുറ്റക്കാരുണ്ടെങ്കിൽ പിടികൂടും' സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇരകൾക്ക് സഹായ ധനം വിതരണം ചെയ്തുവെന്നും വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ രണ്ടുലക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞു. സർക്കാറിന്റെ അഞ്ചംഗ അന്വേഷണ കമ്മീഷനൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഒരംഗവും സംഭവം അന്വേഷിക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചു.

തൂക്കുപാലത്തിന്റെ അറ്റകുറ്റപണിയിൽ വ്യാപക അഴിമതി

മോർബി തൂക്കുപാലത്തിന്റെ അറ്റകുറ്റപണിയിൽ വ്യാപക അഴിമതി ആരോപിക്കപ്പെട്ടിരുന്നു. കരാർ തുകയായ 2 കോടിയിൽ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത്. പാലം അറ്റകുറ്റ പണിക്ക് ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിന് മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അറ്റകുറ്റ പണിക്കായി ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിനും മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ടെൻഡർ തുകയായ 2 കോടിയിൽ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത്. പാലത്തിൽ സ്ഥാപിച്ചിരുന്ന മരപ്പാളികൾക്ക് പകരം അലൂമിനിയം പാളികൾ സ്ഥാപിക്കുകയും കേബിളുകൾ പെയിൻറ് ചെയ്യുകയും മാത്രമാണ് കമ്പനി പാലത്തിൽ ചെയ്തത്. കരാറിലെ വ്യവസ്ഥകളായ തുരുമ്പിച്ച കേബിളുകൾ മാറ്റുകയോ ആവശ്യമായ സ്ഥലത്ത് ഗ്രീസ് ഇടുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിക്കുന്ന രേഖകളും ദേവ്പ്രകാശ് സൊലൂഷൻസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെടുത്തു.

രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മുൻ എംഎൽഎയെ സ്ഥാനാർഥിയാക്കി ബിജെപി

തൂക്കുപാലം തകർച്ചയുണ്ടായ ഗുജറാത്തിലെ മോർബിയിൽ രക്ഷാപ്രവർത്തിന് ഇറങ്ങിയ മുൻ എംഎൽഎയെ സ്ഥാനാർഥിയാക്കി ബിജെപി. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെന്ന് ചില റിപ്പോർട്ടുകളിലുണ്ടായിരുന്ന കാന്തിലാൽ അമൃതിയയെ(60)യാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. നിലവിൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ബ്രിജേഷ് മെർജയെ തഴഞ്ഞാണ് കാന്തിലാലിനെ സ്ഥാനാർഥിയാക്കിയത്. അടുത്ത മാസമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്.

തൂക്കുപാലം തകർന്നപ്പോൾ കാന്തിലാൽ പുഴയിലേക്ക് ചാടി നിരവധി പേരെ രക്ഷിച്ചതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലൈഫ് ജാക്കറ്റ് ധരിച്ച് ഇദ്ദേഹം രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. നേരത്തെ ബിജെപി തയ്യാറാക്കിയ പട്ടികയിൽ അമൃതിയ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ ദുരന്തം സംഭവിച്ചതോടെ ഇദ്ദേഹത്തെ തിരഞ്ഞെടുക്കാൻ പാർട്ടി നിർബന്ധിതരാകുകയായിരുന്നു. 22 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് മോർബി ദുരന്തം ഉയർത്തിയത്.

Gujarat High Court criticized the municipality and the district collector in the Morbi bridge collapse case

Similar Posts