ലിറ്ററിന് 7000 രൂപ വരെ; കഴുതപ്പാല്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച് കര്‍ഷകന്‍
|സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിച്ച് അവസാനം കഴുത ഫാം ആശയത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് യുവാവ്
അഹമ്മദാബാദ്: കഴുതപ്പാല്‍ വിറ്റ് മാസം മൂന്ന് ലക്ഷത്തോളം വരുമാനമുണ്ടാക്കി ഗുജറാത്തിലെ കര്‍ഷകന്‍. ഗുജറാത്ത് പത്താന്‍ ജില്ലയിലെ ദിരേന്‍ സോലങ്കിയാണ് കഴുത ഫാം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്. സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിച്ച് അവസാനം കഴുത ഫാം ആശയത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആദ്യമൊക്കെ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. എന്നാല്‍ സാമ്പത്തികനേട്ടമോ കുടുംബ ആവശ്യങ്ങള്‍ക്കോ ആ തുക തികഞ്ഞില്ല. ഇതിനിടെ കഴുതപ്പാലിന് ആവശ്യക്കാരുണ്ടെന്നറിഞ്ഞാണ് ഈ സംരംഭത്തിലേക്ക് തിരിഞ്ഞതെന്ന് യുവാവ് പറയുന്നു.
എട്ടു മാസം മുമ്പാണ് ഫാം ആരംഭിച്ചത്. 20 കഴുതകളെ വച്ച് തുടങ്ങിയ ഫാമിനായി 22 ലക്ഷം ചിലവിട്ടു. തുടക്കം പ്രയാസങ്ങളുണ്ടായെങ്കിലും പിന്നീട് കഴുതപ്പാലിന് ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ തെക്കേ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. ഇന്ന് കര്‍ണാടക, കേരളം എന്നിവിടങ്ങളിലേക്കും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ വിവിധ കോസ്‌മെറ്റിക് കമ്പനികളും ദിരേന്റെ കഴുതപ്പാലാണ് അവരുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്. ലിറ്ററിന് 5000 മുതല്‍ 7000 വരെയാണ് വില. പാലിന് പുറമെ പാല്‍പ്പൊടിയായും വില്പനയുണ്ട്. ഇവയ്ക്ക് കിലോക്ക് ഒരു ലക്ഷം വരെ ഉയരാറുണ്ടെന്നും ഇയാള്‍ പറയുന്നു.
ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ ചരിത്രം തൊട്ട് കഴുതപ്പാലിന്റെ ഗുണം പ്രശസ്തമാണ്. അതിസുന്ദരിയായ ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിലാണെന്നാണ് പറയപ്പെടുന്നത്. കരള്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും, മൂക്കിലെ രക്തസ്രാവം, വിഷബാധ, പകര്‍ച്ച വ്യാധി, പനി എന്നിവ പരിഹരിക്കാനും കഴുതപ്പാല്‍ നല്ലതാണെന്ന് ഗ്രീക്ക് ഫിസിഷ്യനും വൈദ്യ ശാസ്ത്രത്തിന്റെ പിതാവുമായ ഹിപ്പോക്രാറ്റസ് നിര്‍ദേശിച്ചതായും പറയപ്പെടുന്നുണ്ട്.
പശുവിന്‍ പാലുമായി താരതമ്യം ചെയ്യുമ്പോള്‍ കഴുതപ്പാലിന് മനുഷ്യന്റെ പാലുമായി സാമ്യമുണ്ടെന്നും. കുട്ടികള്‍ക്ക് ഇത് നല്‍കാമെന്നും യു.എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പശുവിന്‍ പാല്‍ ആലര്‍ജിയായിട്ടുള്ളവര്‍ക്കു പോലും ഇത് മികച്ചതായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കുടല്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും രോഗപ്രതിരോധത്തിനും കഴുതപ്പാല്‍ ഉത്തമമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.