ജാമ്യം ലഭിച്ചു മിനിറ്റുകൾക്കകം ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിൽ
|അസമിലെ കൊക്രജാർ കോടതി ജാമ്യം നൽകി ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അസമിലെ ബാർപേട്ട പൊലീസെത്തി വീണ്ടും ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്
ഗുവാഹത്തി: ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് അസം പൊലീസ് അറസ്റ്റ് ചെയ്ത മേവാനിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ്.
ഇന്ന് ഏതാനും മിനിറ്റുകൾക്കു മുൻപാണ് അസമിലെ കൊക്രജാർ കോടതിയാണ് മേവാനിക്ക് ജാമ്യം നൽകിയത്. എന്നാൽ, ജാമ്യം ലഭിച്ച് മിനിറ്റുകൾക്കകമാണ് അസമിലെ ബാർപേട്ട പൊലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ, എന്തിനാണ് അറസ്റ്റെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുജറാത്തിലെ പാലംപൂരിൽനിന്ന് ഒരു സംഘം അസം പൊലീസ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറിൽനിന്നുള്ള പ്രാദേശിക ബി.ജെ.പി നേതാവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണമെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാർ ദേ എന്നയാളാണ് ട്വീറ്റ് കാണിച്ച് മേവാനിക്കെതിരെ പരാതി നൽകിയത്.
ഇയാളുടെ പരാതിയിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയായായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് മേവാനിയെ കൊക്രജാർ ജയിലിലേക്ക് ആദ്യം കൊണ്ടുപോയി. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Summary: Gujarat MLA Jignesh Mevani re-arrested right after getting bail