India
An image making the rounds on social media. Circled is Govind Natt, photographed with former BJP minister Arjunsinh Chauhan.
India

ഗുജറാത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ തുടർച്ചയായി ലൈംഗിക ആരോപണങ്ങൾ; നേതൃത്വത്തിന്റെ മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം

Web Desk
|
25 Sep 2024 10:27 AM GMT

ഒന്നാം ക്ലാസ് വിദ്യാർഥിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയതിന് 55കാരനായ സ്കൂൾ പ്രിൻസിപ്പൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അറസ്റ്റിലായത്.

അഹമ്മദാബാദ്: കഴിഞ്ഞ ആറു മാസത്തിനിടെ ഗുജറാത്തിൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ഉയർന്നത് നിരവധി ലൈംഗിക പീഡനാരോപണങ്ങൾ. പീഡനശ്രമം എതിർത്തതിന് ആറു വയസുകാരിയെ കൊലപ്പെടുത്തിയ 55 കാരനായ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായതാണ് ഏറ്റവും അവസാനം പുറത്തുവന്ന വാർത്ത. ദാഹോദിലെ സ്‌കൂൾ പ്രിൻസിപ്പലായ ഗോവിന്ദ നാട്ട് ആണ് സെപ്റ്റംബർ 22ന് അറസ്റ്റിലായത്.

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്‌കൂൾ കോമ്പൗണ്ടിൽ തള്ളുകയായിരുന്നു. കുട്ടിയുടെ ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു. സിങ്‌വാദ് താലൂക്കിലെ തോറാനി ഗ്രാമത്തിലുള്ള സ്‌കൂളിൽ സെപ്റ്റംബർ 19നാണ് കൊലപാതകം നടന്നത്. കുട്ടി എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് സ്‌കൂളിൽ പോകാറുള്ളതെന്നും അവസാന ദിവസും നാട്ടിനൊപ്പമാണ് സ്‌കൂളിലേക്ക് പോയതെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കാറിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി പ്രതിരോധിച്ചെന്നും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പകൽ മുഴുവൻ മൃതദേഹം കാറിൽ സൂക്ഷിച്ച ശേഷം വൈകിട്ട് സ്‌കൂൾ കോമ്പൗണ്ടിൽ ഉപേക്ഷിച്ചെന്നും ഇയാൾ പറഞ്ഞു.


ആറു വയസുകാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയ ​ഗോവിന്ദ നാട്ട് മുൻ മന്ത്രിയും ബിജെപി നേതാവുമായ അർജുൻ സിൻഹ് ചൗഹാനൊപ്പം

ആറു വയസുകാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയ ​ഗോവിന്ദ നാട്ട് മുൻ മന്ത്രിയും ബിജെപി നേതാവുമായ അർജുൻ സിൻഹ് ചൗഹാനൊപ്പം

ഗോവിന്ദ നാട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകനാണെന്ന് കോൺഗ്രസ് ആരോപിച്ചു. നാട്ട് രാഷ്ട്രീയ നേതാവാണെന്നും ബിജെപി, വിഎച്ച്പി പരിപാടികളിൽ ഇയാൾ പങ്കെടുക്കുന്നതിന്റെയും മുൻ മന്ത്രി അർജുൻസിൻഹ് ചൗഹാന്റെ കൂടെ നിൽക്കുന്നതിന്റെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് വക്താവ് പാർഥിവ്‌രാജ് കത്ത്‌വാഡിയ പറഞ്ഞു.

മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നിട്ടും കാര്യമായ പ്രതികരണമൊന്നും ബിജെപി നേതാക്കളിൽനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രി കുബെർ ദിൻഡോറിന്റെ പ്രസ്താവന മാത്രമാണ് ഉണ്ടായത്.

സമീപകാലത്ത് ഗുജറാത്തിൽ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ വേറെയും ആരോപണങ്ങളുയർന്നിരുന്നു. സൗരാഷ്ട്രയിലെ അട്‌കോട്ടിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ട്രസ്റ്റി പീഡിപ്പിച്ചതായി ജൂലൈയിൽ 22കാരി പരാതി നൽകിയിരുന്നു. അഞ്ചു വർഷമായി പെൺകുട്ടി അവിടെ പഠിക്കുകയായിരന്നു. പരാതി ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ അഭിഭാഷകനായ ആനന്ദ് യാഗ്നിക് ഇടപെട്ട ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി പ്രവർത്തകരായ പരേഷ് റദാദിയ, മധു തദാനി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. രണ്ട് പ്രതികൾ ഒളിവിലാണ്.

ഡി.ബി പട്ടേൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള പ്രതീക്ഷാ വിദ്യാ പ്രതിഷ്ഠൻ ട്രസ്റ്റിയാണ് റദാദിയ. തദാനി അദ്ദേഹത്തിന്റെ സുഹൃത്താണ്. 2023 ജൂൺ ഒന്നിനും 2024 മേയ് നാലിനും ഇടയിൽ പ്രതികൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഹോസ്റ്റലിൽവെച്ച് ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്നും അതിജീവിത പറഞ്ഞു. പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

പീഡനക്കേസ് പ്രതിയായ ബന്ധുവിനെ ഒളിവിൽ കഴിയാൻ കഴിയാൻ സഹായിച്ചതിന് മെഹ്‌സാനയിലെ യുവമോർച്ച നേതാവായ ഗൗരവ് ചൗധരിയെ രണ്ട് ദിവസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഠാൻ താലൂക്കിലെ ചൻസാമയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഭുവോ ശങ്കർ ചൗധരിയെയാണ് ഇയാൾ ഒളിവിൽ കഴിയാൻ സഹായിച്ചത്.

ബംഗാളിൽ യുവ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ സംസ്ഥാന സർക്കാറിനെതിരെ ബിജെപി വൻ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഗുജറാത്തിൽ പാർട്ടി നേതാക്കൾ തുടർച്ചയായി പീഡനക്കേസിൽ പ്രതികളാവുന്നത്. സ്ത്രീ സുരക്ഷയിൽ ബിജെപിയുടെ ഇരട്ടത്താപ്പ് പാർട്ടിയിലെ വനിതാ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകനായ സുഖ്‌ദേവ് പട്ടേൽ പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ഗുജറാത്തിൽ ബിജെപിയാണ് ഭരിക്കുന്നത്.

ആം ആദ്മി പാർട്ടി നേതാവ് കർസന്ദാസ് ബാപ്പുവും ബിജെപിക്കെതിരെ രംഗത്തെത്തി. ശ്രീരാമന്റെ മാതൃക പിന്തുടരണമെന്ന് പറയുന്ന ബിജെപി യഥാർഥത്തിൽ രാവണന്റെ മാതൃകയാണ് പിൻപറ്റുന്നതെന്ന് കർസന്ദാസ് പറഞ്ഞു.

Related Tags :
Similar Posts