India
എ.എ.പി നേതാവിനെതിരായ ആക്രമണത്തിൽ ഗുജറാത്ത് ജനത രോഷാകുലരാണ്, ഇത് ഹൈന്ദവ സംസ്‌കാരമല്ല: അരവിന്ദ് കെജരിവാൾ
India

'എ.എ.പി നേതാവിനെതിരായ ആക്രമണത്തിൽ ഗുജറാത്ത് ജനത രോഷാകുലരാണ്, ഇത് ഹൈന്ദവ സംസ്‌കാരമല്ല: അരവിന്ദ് കെജരിവാൾ

Web Desk
|
3 Sep 2022 9:50 AM GMT

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് വിജയിക്കാനാകുമെന്നും കെജരിവാൾ

അഹമ്മദാബാദ്: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഗുജറാത്തിലെ എ.എ.പി നേതാവ് മനോജ് സൊറാത്തിയയ്ക്കെതിരായ ആക്രമണത്തിൽ സൂറത്തിലെ ജനങ്ങൾ രോഷാകുലരാണെന്നും ഇത് രാജ്യത്തിന്റെ സംസ്‌കാരമോ ഹൈന്ദവ സംസ്‌കാരമോ അല്ലെന്നും കെജരിവാൾ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ തോൽക്കുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.എ.പി നേതാവിനെതിരായ ആക്രമണം വോട്ടാക്കി മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആംആദ്മി ദേശീയ- സംസ്ഥാന ഘടകം. ആക്രമണത്തിനു പിന്നാലെ തങ്ങൾ ഗുജറാത്തിൽ ഒരു സർവേ നടത്തിയിട്ടുണ്ടെന്നും 12ൽ ഏഴ് സീറ്റിലും ആം ആദ്മി പാർട്ടി വിജയിക്കുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടെന്നും കെജരിവാൾ പറഞ്ഞു. താൻ ഇന്ന് വൈകുന്നേരം 'ആരതി' നടത്തുമെന്നും കെജരിവാൾ അറിയിച്ചു. സൂറത്തിലെ ഗണേഷ് പന്തലിൽവെച്ചാണ് എ.എ.പി നേതാവിന് മർദനമേറ്റത്.

''തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി ഹിംസയുടെ മാർഗം തെരഞ്ഞെടുക്കുകയാണ്. തോൽക്കുമെന്ന ഭയമാണ് ബി.ജെ.പിയെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ഇതുവരെ നിങ്ങൾക്ക് കോൺഗ്രസുമായിട്ടായിരുന്നു ഇടപാട്, പക്ഷേ ഞങ്ങൾ കോൺഗ്രസല്ല, ഞങ്ങൾ സർദാർ പട്ടേലിലും ഭഗത് സിങ്ങിലും ഒരുപോലെ വിശ്വസിക്കുന്നു, ഞങ്ങൾ ഭയപ്പെടുന്നില്ല, ഞങ്ങൾ പോരാടും''- അരവിന്ദ് കെജരിവാൾ വിശദമാക്കി.

എഎപിക്കാരോട് സംസാരിക്കരുതെന്നും അവരെ സംവാദത്തിന് വിളിക്കരുതെന്നും ബി.ജെ.പി ഗുജറാത്തിലെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടെന്നും കെജരിവാൾ ആരോപിച്ചു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ അനീതിക്കെതിരെ പോരാടാൻ താൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതുവരെയുള്ള ബി.ജെ.പി ഭരണത്തിൽ നിന്നും ജനങ്ങൾ എന്ത് നേടിയെന്നും കെജരിവാൾ ചോദിച്ചു. 24 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ഭരിക്കുന്ന ബി.ജെ.പിയെ സ്ഥാനഭ്രഷ്ടമാക്കാനുള്ള സമ്പൂർണ പ്രചാരണത്തിലാണ് കെജരിവാൾ. ഗുജറാത്തിൽ അടുത്തിടെ ഒന്നിലധികം സന്ദർശനങ്ങാണ് കെജരിവാൾ നടത്തിയത്.

Similar Posts