നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപണം; മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്, കയ്യടിച്ച് ജനക്കൂട്ടം
|പൊലീസ് ഇൻസ്‌പെക്ടറടക്കം സന്നിഹിതനായിരിക്കെയാണ് പ്രതികളെ ക്രൂരമായി മർദിച്ചത്
അഹമ്മദാബാദ്: നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് തൂണിനോട് ചേർത്തുപിടിച്ച് യുവാക്കളെ പൊലീസ് മർദിച്ചത്. ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. 'കല്ലെറിഞ്ഞ പ്രതികളെ ഖേഡ പൊലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു' എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.
പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് നിർദേശിക്കുന്നതും അവരപ്രകാരം ചെയ്യുന്നതും വീഡിയോയിൽ കാണാം. പൊലീസ് ഇൻസ്‌പെക്ടറടക്കം സന്നിഹിതനായിരിക്കെയാണ് പ്രതികളെ ക്രൂരമായി മർദിച്ചത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.
150 ഓളം ആളുകളടങ്ങിയ സംഘം ക്ഷേത്ര പരിസരത്ത് നടന്ന ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. 43 പേരെ പിടികൂടിയതായും പറഞ്ഞു. മതർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 13 പേരെ തടങ്കിൽവെച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് വി.ആർ. ബാജ്‌പൈ പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജൈയിനലുള്ള ഗർബ പന്തലിൽ അഞ്ചു മുസ്‌ലിം യുവാക്കളെ തടഞ്ഞുവെച്ചിരുന്നു. എന്നാൽ അവർ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു പൊലീസ് വെറുതെ വിടുകയായിരുന്നു. മുൻകരുതൽ തടങ്കൽ നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മധ്യപ്രദേശിൽ നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിക്കപ്പെട്ട മൂന്നു പേരുടെ വീട് തകർത്തു. വീട് നിർമാണ് അനധികൃതമാണെന്ന് കുറ്റപ്പെടുത്തിയാണ് ബുൾഡോസർ കൊണ്ട് തകർത്തത്. ഗർബ പന്തലിലേക്ക് കല്ലെറിയുകയും സംഘാടകരെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പിടികൂടിയവരിൽ ചിലരുടെ വീടുകളാണ് തകർത്തത്. മന്ത്‌സൗർ ജില്ലാ അധികൃതരും പൊലീസും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. വീട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലടക്കം പ്രചരിക്കുന്നുണ്ട്. കേസിൽ മുഖ്യപ്രതിയാക്കപ്പെട്ട സൽമാൻ ഖാന്റെയടക്കമുള്ള വീടുകളാണ് ചൊവ്വാഴ്ച തകർക്കപ്പെട്ടത്.
'വീടുകൾ അനധികൃതമായി നിർമിക്കപ്പെട്ടതിനാൽ ഞങ്ങൾ തകർക്കുകയായിരുന്നു. പ്രതികളുടെ സ്വത്തുക്കളുടെ രേഖകൾ പരിശോധിച്ചു വരികയാണ്, തുടർനടപടികൾ സ്വീകരിക്കും' മന്ത്‌സൗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സന്ദീപ് ശിവ പറഞ്ഞു. 11 പേരിൽ ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്. മന്തസൗറിലെ സീതമൗ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കലാപമുണ്ടാക്കാനും കൊലപാതക ശ്രമത്തിനും തുനിഞ്ഞുവെന്ന് കാണിച്ച് സുർജാനി ഗ്രാമത്തിലെ 19 പേരെയാണ് പ്രാഥമിക കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് കുറ്റപത്രം രജിസ്റ്റർ ചെയതത്. 'അവർ സ്ഥിരം കുറ്റവാളികളാണ്' മന്തസൗർ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് സുജന്യാ കുറ്റപ്പെടുത്തി.
ശനിയാഴ്ച നവരാത്രി ഗർബ നടക്കുന്ന പന്തലിൽ സൽമാൻ ഖാൻ ബൈക്കിടിച്ചുവെന്നും തുടർന്ന് സംഘാടകനായ ശിവ്‌ലാൽ പാട്ടിദാർ ഇയാളുടെ പിതാവിനോട് പരാതി പറയുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഞായറാഴ്ച വീണ്ടുമെത്തിയ സൽമാനും സംഘവും ശിവ്‌ലാലിനെയും മറ്റു സംഘാടകരെയും മർദിച്ചുവെന്നും മഹേഷെന്ന ഗ്രാമീണന്റെ തലയ്ക്കിടിച്ചുവെന്നുമൊണ് ആരോപിക്കപ്പെടുന്നത്. പിന്നീടിവർ പന്തലിലേക്ക് കല്ലെറിഞ്ഞുവെന്നും ചിലർക്ക് പരിക്കേറ്റുവെന്നും പറയുന്നു. ഇതോടെ പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. മഹേഷിന്റെയും ശിവ്‌ലാലിന്റെയും നില നില ഗുരുതരമാണെന്ന് പറയപ്പെടുന്നതായാണ് റിപ്പോർട്ടിലുള്ളത്.
Gujarat police publicly beat Muslim youths who were arrested for allegedly throwing stones at Navratri Garba ceremony.