അറസ്റ്റിന് പിറകെ മൂന്നാം വിദ്വേഷക്കേസ്; സൽമാൻ അസ്ഹരിക്കെതിരെ ഗുജറാത്ത് പൊലീസ്
|വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ ഫെബ്രുവരി അഞ്ചിന് മുംബൈയിൽ വെച്ചാണ് സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്
മൊഡാസ: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മുംബൈയിൽനിന്നുള്ള ഇസ്ലാമിക പണ്ഡിതൻ മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ മൂന്നാമത്തെ വിദ്വേഷക്കേസ് രജിസ്റ്റർ ചെയ്ത് ഗുജറാത്ത് പൊലീസ്. ഗുജാറത്തിലെ ആർവല്ലി ജില്ലയിലെ മൊഡാസ പൊലീസാണ് അദ്ദേഹത്തിനെതിരെ വെള്ളിയാഴ്ച കേസെടുത്തത്. ഡിസംബർ 24ന് മൊഡാസയിലെ ഗ്രൗണ്ടിൽ പ്രകോപന പ്രസംഗം നടത്തിയെന്ന് പൊലീസ് സൂപ്രണ്ട് ഷെഫാലി ബർവാൾ പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ ഫെബ്രുവരി അഞ്ചിന് മുംബൈയിൽ വെച്ചാണ് സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് (ആൻറി ടെററിസം സ്‌ക്വാഡ്) അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ജുനാഗഢ് നഗരത്തിൽ ബി ഡിവിഷൻ പൊലീസ് സ്റ്റേഷന് സമീപത്തെ പൊതുവേദിയിൽ ജനുവരി 31ന് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. പ്രസംഗത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നായിരുന്നു നടപടി. അസ്ഹരിയെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലെ എടിഎസ് ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഫെബ്രുവരി എട്ടിന് കച്ച് ഈസ്റ്റ് പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 31ന് ബച്ചൗ താലൂക്കിലെ സമഖിയാരി ഗ്രാമത്തിൽ പ്രകോപന പ്രസംഗം നടത്തിയെന്നായിരുന്നു കുറ്റം.
'ജുനാഗഢ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഡിസംബർ 24ലെ മൊഡാസയിൽ അസ്ഹരി പ്രസംഗിച്ചതായി മനസ്സിലാക്കി. മതപരവും ലഹരിവിരുദ്ധവുമായ കാര്യത്തിനായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പ്രകോപന പ്രസംഗം നടത്തയതായി വീഡിയോ തെളിവ് കിട്ടി' എസ്പി ബർവാൾ അവകാശപ്പെട്ടു.
ജുനാഗഢിലും കച്ച് ഈസ്റ്റിലും അസഹരിക്കെതിരെ ഐപിസിയുടെ 153 ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുക) 505(2)(പൊതു ജനദ്രോഹകരമായ പ്രസ്താവനകൾ നടത്തുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മൊഡാസയിൽ, സെക്ഷൻ 153 ബി, 505 (2) എന്നിവ കൂടാതെ, 'ഏതെങ്കിലും വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകൾ പറഞ്ഞതിന്' സെക്ഷൻ 298 പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ടെന്നും ബർവാൾ പറഞ്ഞു.
തന്റെ പ്രസംഗത്തിൽ എസ്സി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാൽ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമവും കേസിൽ ചേർത്തതായും പൊലീസ് പറഞ്ഞു. 'പരിപാടിക്ക് പൊലീസിൽനിന്ന് അനുമതി വാങ്ങിയ ഇസ്ഹാഖിനെതിരെയും കേസെടുത്തിട്ടുണ്ട്. കച്ച് ഈസ്റ്റിലെ റിമാൻഡ് കഴിഞ്ഞാൽ അസ്ഹരിയെ ഞങ്ങൾ കസ്റ്റഡിയിൽ വാങ്ങും'എസ്പി അറിയിച്ചു.
ജുനാഗഢിൽ പ്രാദേശിക സംഘാടകരായ മുഹമ്മദ് യൂസഫ് മാലിക്, അസിം ഹബീബ് ഒഡേദര എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. മാലികിനെയും ഹബീബിനെയും ഫെബ്രുവരി മൂന്നിന് അറസ്റ്റ് ചെയ്തു. മതപരവും ലഹരി വിരുദ്ധവുമായ ഉള്ളടക്കം പ്രസംഗിക്കാൻ വേണ്ടിയാണ് അറസ്റ്റിലായവർ അനുമതി നേടിയതെങ്കിലും പ്രകോപനകരമായ പ്രസംഗം നടത്തിയെന്നാണ് ജുനാഗഢ് കേസിലും അധികൃതർ പറഞ്ഞത്. എന്നാൽ അസ്ഹരി ഫലസ്തീനെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുമാണ് പ്രസംഗിച്ചതെന്നാണ് മുസ്ലിം നെറ്റ്വർക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. അദ്ദേഹം ഹിന്ദു സമുദായത്തെ ഉന്നമിട്ടുവെന്നത് വ്യാജ ആരോപണമാണെന്നും പറഞ്ഞു.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ മുസ്ലിംകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ചുമാണ് അസ്ഹരി പ്രസംഗിച്ചതെന്ന് സിയാസത്ത് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. പ്രസംഗം പൂർണമായി കേട്ട ശേഷമാണ് ഈ റിപ്പോർട്ടെന്നും പറഞ്ഞു. 'ഓരോ ഖർബലക്കും ശേഷം ഇസ്ലാം ജീവിച്ചിരിക്കുക തന്നെ ചെയ്യും' എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ പ്രസംഗഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി മൂന്നു മുതലാണ് അസ്ഹരിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം വൈറലായത്. ഹിന്ദുത്വർ ട്രോളായും അല്ലാതെയും അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
മുംബൈയിൽ നിന്നുള്ള സുന്നി പണ്ഡിതനും പ്രഭാഷകനുമാണ് മുഫ്തി സൽമാൻ അസ്ഹരി. ജാമിഅ റിയാസുൽ ജന്ന, അൽ അമാൻ എഡ്യക്കേഷൻ ആൻഡ് വെൽഫെയർ ട്രസ്റ്റ്, ദാറുൽ അമാൻ എന്നിവയുടെ സ്ഥാപകനുമാണ്.
അതേസമയം, സൽമാൻ അസ്ഹരിയെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ അണികളുടെ പ്രതിഷേധം നടന്നു. വിഖ്റോളിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അസ്ഹരിയെ ഘാട്ട്കോപർ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. അറസ്റ്റിന് ശേഷം രാത്രി 11 മണിയോടെ വൻ ജനക്കൂട്ടം അവിടെ തടിച്ചുകൂടി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊതു ബസിന് കല്ലെറിഞ്ഞെന്ന് കുറ്റപ്പെടുത്തി അഞ്ച് പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനക്കൂട്ടത്തോടെ പിരിഞ്ഞുപോകാൻ പൊലീസിന്റെ ആവശ്യപ്രകാരം അസ്ഹരി പറഞ്ഞു. 'ഞാനൊരു കുറ്റവാളിയല്ല, എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ല എന്നെ ഇവിടെ കൊണ്ടുവന്നത്. അവർ ആവശ്യമായ അന്വേഷണം നടത്തുകയാണ്, ഞാൻ അതിനോട് സഹകരിക്കുകയും ചെയ്യുന്നു. എന്റെ വിധി അങ്ങനെയാണെങ്കിൽ ഞാൻ അറസ്റ്റിനും തയ്യാർ' അസ്ഹരി പറഞ്ഞു. നിരവധി യുവാക്കളാണ് അസ്ഹരിയുടെ അറസ്റ്റിനെ തുടർന്ന് പ്രദേശത്തെത്തിയത്.
Gujarat Police registers third hate case against Mumbai-based Islamic scholar Mufti Salman Azhari