ഗുജറാത്തിൽ കനത്ത മഴ, വെള്ളപ്പൊക്കം: മരണം 35 ആയി, അടിയന്തര സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
|സൈന്യവും കോസ്റ്റ് ഗാർഡും ചേർന്ന് വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴയിലും പ്രളയത്തിലും 35 മരണം. പുഴകള്‍ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മരങ്ങള്‍ക്കിടയിലും ഒഴുക്കില്‍ പെട്ടുമാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.
സൈന്യവും കോസ്റ്റ് ഗാർഡും ചേർന്ന് വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 18,000ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം ആളുകളെ പല പ്രദേശങ്ങളിൽനിന്നായി രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. വെള്ളം ഉയരുന്നതും മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്
വഡോദര നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പത്ത് ഡാമുകള്‍ തുറന്നു. ഇരുപത്തയ്യായിരത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രാജ്കോട്ട്, ആനന്ദ്, മോര്‍ബി എന്നിവിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. എന്‍.ഡി.ആര്‍എഫിന്‍റെ 14 യൂണിറ്റുകളാണ് രംഗത്തുള്ളത്.
പല ജില്ലകളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പലയിടത്തും റോഡ്, റെയില്‍ ഗതാഗതം താറുമാറായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. ഓഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.