മായാ കൊഡ്നാനിയെ വെറുതെവിട്ടപ്പോൾ അപ്പീൽ നൽകിയില്ല, കേസുകളിലെ പ്രോസിക്യൂട്ടർമാർ വി.എച്ച്.പിക്കാർ: സുപ്രീംകോടതിയിൽ കപിൽ സിബൽ
|''കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം തെളിവുകളൊന്നും പരിശോധിക്കാതെയും അന്വേഷണം നടത്താതെയുമാണ് മോദിയടക്കമുള്ളവർക്ക് ക്ലീൻചിറ്റ് നൽകി''
ഗുജറാത്ത് കലാപക്കേസുകളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം(എസ്.ഐ.ടി) വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നും 2002 ലെ നരോധ പാട്യ കൂട്ടക്കൊലയുടെ ആസൂത്രകയുമായ നരോധ എം.എൽ.എ മായാ കൊഡ്നാനിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകിയില്ലെന്നും സുപ്രീംകോടതിയെ കപിൽ സിബൽ അറിയിച്ചു. പല കേസുകളിലെയും പ്രോസിക്യൂട്ടർമാർ വി.എച്ച്.പി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. 2002 ലെ കലാപത്തിൽ ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നൽകിയ ഹരജിയുമായി കോടതിയിൽ വാദിക്കുകയായിരുന്നു സിബൽ. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് എസ്.ഐ.ടി ക്ലീൻചിറ്റ് നൽകിയതിന് ചോദ്യം ചെയ്താണ് ഇവർ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. മോദിക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ക്ലീൻചീറ്റ് നൽകിയതും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം തെളിവുകളൊന്നും പരിശോധിച്ചിട്ടില്ലെന്നും ഒരു അന്വേഷണവും നടത്താതെയാണ് ക്ലീൻചിറ്റ് നൽകിയതെന്നുമാണ് ഇവർ വാദിക്കുന്നത്.
അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് വി.എച്ച്.പി ബന്ധമുണ്ടായിരുന്നുവെന്നും എസ്.ഐ.ടി റിപ്പോർട്ട് ഉദ്ധരിച്ച് സിബൽ പറഞ്ഞു. ഇത് വി.എച്ച്.പി നേതാക്കൾക്കും ഇതര സഹോദര സംഘടനാ ഭാരവാഹികൾക്കും ജാമ്യം നേടിയെടുക്കാനുള്ള നീക്കമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജാമ്യ ഹരജികളിൽ ഇവർ എതിർപ്പ് പ്രകടിപ്പിക്കാതിരുന്നത് സിബൽ ചൂണ്ടിക്കാട്ടി. എസ്.ഐ.ടി റിപ്പോർട്ടിൽ ഇത്തരം നിരീക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്വേഷണമൊന്നും നടന്നില്ല. '' വി.എച്ച്.പി നേതാക്കൾ കലാപാഹ്വാനം നടത്തും, കലാപശേഷം അവരുടെ ആളുകൾ തന്നെ പബ്ലിക് പ്രോസിക്യൂട്ടർമാരായെത്തും. ദിലീപ് ത്രിവേദി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കേ 55 പ്രതികളാണ് ജാമ്യം നേടിയത്. ഈ വിഷയം അന്വേഷിക്കേണ്ടേ?. ഇതാണ് എസ്.ഐ.ടി ഉയർത്തേണ്ടത്. '' സിബൽ വാദിച്ചു.
എസ്.ഐ.ടി കേസുകളിൽ ലൂപ്ഹോളുകൾ സൃഷ്ടിച്ചുവെന്നും ആത്മാർഥമായി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവർ ശ്രമിച്ചില്ലെന്നും സിബൽ കുറ്റപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തില്ല, മൊഴി രേഖപ്പെടുത്തിയില്ല, ഫോണുകൾ കണ്ടുകെട്ടിയില്ല. സ്ഥലം സന്ദർശിക്കുകയും ചെയ്തില്ല. -കപിൽ സിബൽ വിമർശിച്ചു. നിരവധി പേർ കുറ്റം ചെയ്തെന്ന് തുറന്നു പറഞ്ഞ തെഹൽക്കയുടെ സ്റ്റിംഗ് ഓപ്പറേഷൻ ടേപ്പുകൾ അവർ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
നരോദ പാട്യ കേസിൽ ഈ ടേപ്പുകൾ പരിഗണിക്കപ്പെട്ടു. ഹൈകോടതിയും സ്വീകരിച്ചു. എന്നാൽ എസ്.ഐ.ടി സാകിയ ജാഫ്രിയുടെ പരാതിയിൽ ഈ ടേപ്പുകൾ അവഗണിച്ചു. സ്ഥാനകയറ്റം നിഷേധിച്ചതിന്റെ പേരിലെന്ന് പറഞ്ഞ് ഗുജറാത്ത് എഡിജിപി ആർ.ബി ശ്രീകുമാർ ഐ.പി.എസ്സിന്റെ മൊഴിയും എസ്.ഐ.ടി തള്ളിക്കളഞ്ഞു - സിബൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സിടി രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പിലാണ് വാദം നടക്കുന്നത്.
കേസിന്റെ അന്വേഷണം എസ്.ഐ.ടി ഏറ്റെടുത്തപ്പോൾ കോഡ്നാനിയായിരുന്നു പ്രധാനപ്രതി. ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീപിടിച്ചതിന്റെ തൊട്ടടുത്ത് ദിവസമായ 20002 ഫെബ്രുവരി 28 ന് വിശ്വഹിന്ദു പരിഷത്ത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഒരുമിച്ച് കൂടിയ ജനക്കൂട്ടത്തോട് കോഡ്നാനിയും വി.എച്ച്.പി ജനറൽ സെക്രട്ടറി ജയ്ദീപ് പാട്ടീലും വിദ്വേഷപ്രസംഗം നടത്തി. ജനക്കൂട്ടത്തെ ഇളക്കിവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തിന് 11 സാക്ഷികളുണ്ടായിരുന്നു - കുറ്റകൃത്യം നടന്ന വഴികൾ എസ്.ഐടി വ്യക്തമാക്കിയത് ഇപ്രകാരമാണ്.
അക്രമത്തിൽ പ്രധാന പങ്ക് വഹിച്ചത് കോഡ്നാനിയാണെന്ന് പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു. 28 വർഷം തടവു ശിക്ഷ വിധിക്കുകയും ചെയ്തു. ഗൂഢാലോചന നടത്താനും നിയമവിരുദ്ധമായി സംഘം ചേർന്ന് കുറ്റകൃത്യം നടത്താനും മായാ മുന്നിട്ടിറങ്ങിയെന്നും കോടതി വിലയിരുത്തി. എന്നാൽ വിധിക്ക് ശേഷം മറ്റു 32 പ്രതികൾക്കൊപ്പം കോഡ്നാനിയും ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2014 ൽ ഹൈക്കോടതി അസുഖത്തിന്റെ പേരിൽ കോഡ്നാനിക്ക് ജാമ്യം നൽകി, ശിക്ഷ സസ്പെൻഡ് ചെയ്തു. 11 സാക്ഷികളുടെ മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ മായ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എസ്.ഐ.ടി എത്തിയതോടെയാണ് മായയുടെ പേര് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും കോടതി വിലയിരുത്തി. സംശയത്തിന്റെ ആനുകൂല്യം നൽകി കോഡ്നാനിയെ വെറുതെ വിടുകയായിരുന്നു.
കഴിഞ്ഞ 20 വർഷത്തോളമായി സാക്കിയ ജഫ്രി നീതിക്കായുള്ള പോരാട്ടത്തിലാണ്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ ഇഹ്സാൻ ജഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. കലാപം നടന്ന് 10 വർഷത്തിന് ശേഷം 2012 ഫെബ്രുവരിയിലാണ് മോദി അടക്കമുള്ളവർക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘം സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.