ഗുജറാത്ത് കലാപം: എസ്.ഐ.ടിയും പ്രതികളും തമ്മിൽ ഒത്തുകളിച്ചെന്ന വാദം നിഷേധിച്ച് സുപ്രീംകോടതി
|കേസിൽ അന്വേഷണം നടത്താതെയും തെളിവുകൾ പരിശോധിക്കാതെയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് എസ്.ഐ.ടി ക്ലിൻചിറ്റ് നൽകിയതെന്ന് സിബൽ വാദിച്ചിരുന്നു
ഗുജറാത്ത് കലാപത്തിൽ എസ്.ഐ.ടിയും പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന വാദം നിഷേധിച്ച് സുപ്രീംകോടതി. കൊല്ലപ്പെട്ട കോൺഗ്രസ് എം.പി. ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി കപിൽ സിബൽ മുഖേന സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസിൽ അന്വേഷണം നടത്താതെയും തെളിവുകൾ പരിശോധിക്കാതെയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് എസ്.ഐ.ടി ക്ലിൻചിറ്റ് നൽകിയതെന്ന് സിബൽ വാദിച്ചിരുന്നു. എന്നാൽ കോടതി നിയമിച്ച എസ്.ഐ.ടി ഒത്തുകളിച്ചെന്ന് പറയുന്നത് കടുത്തപ്രയോഗമാണെന്ന് എ.എം ഖാൻവിൽകർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ചില ആളുകളെ എസ്.ഐ.ടി രക്ഷപ്പെടുത്തിയെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. മറ്റു പല കേസുകളിലും ഇതേ എസ്.ഐ.ടി സമർപ്പിച്ച കുറ്റപത്രം പ്രകരമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതെന്നും അവർ പറഞ്ഞു.
എന്നാൽ ഒത്തുകളിച്ചതിന്റെ നിരവധി തെളിവുകളുണ്ടെന്നും തെഹൽക്ക ടേപ്പുകളടക്കം നിരവധി രേഖകൾ എസ്.ഐ.ടി പരിശോധിച്ചില്ലെന്നും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയില്ലെന്നും മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പറഞ്ഞു. ഇത് ചിലരെ രക്ഷിക്കാൻ വേണ്ടിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
പരാതികളിൽ പ്രതികളുടെ പേരില്ലാതിരുന്നതും മിക്ക കേസുകളിലും കുറ്റപത്രം നൽകാതിരുന്നതും സർക്കാറും പ്രതികളും ഒത്തുകളിച്ചതിന്റെ തെളിവാണെന്നും സിബൽ വ്യക്തമാക്കി. ഡൽഹി സിഖ് വിരുദ്ധ കലാപത്തിൽ ഇരകളെ വേട്ടയാടിയത് പോലെയാണ് ഗുജറാത്തിലും നടന്നതെന്ന് കഴിഞ്ഞഴ്ച സിബൽ പറഞ്ഞിരുന്നു.
2002 ഫെബ്രുവരി 28 നണ് അഹമ്മദാബാദിലെ ഗുൽബർഗ സൊസൈറ്റിയിൽ ഇഹ്സാൻ ജാഫ്രിയടക്കം 68 പേർ കൊല്ലപ്പെട്ടത്. ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീപിടിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു കൂട്ടക്കൊല. ഗോധ്രയിൽ 59 പേർ കൊല്ലപ്പെട്ടതാണ് ഗുജറാത്തിലുടനീളം കലാപം ഇളക്കിവിട്ടത്. 2012 ഫെബ്രുവരിയിലാണ് ഇത് സബന്ധിച്ച് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചത്. നരേന്ദ്രമോദിയെയും മറ്റു 63 പേരെയും കുറ്റവിമുക്തരാക്കിയായിരുന്നു റിപ്പോർട്ട്. ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. പലതവണ മാറ്റിവെച്ച ശേഷമാണ് കേസിൽ ഇപ്പോൾ വാദം കേൾക്കൽ നടക്കുന്നത്.