India
ജീവിക്കാന്‍ അനുവദിക്കുന്നില്ല; ഗുജറാത്തില്‍ ദയാവധത്തിന് അനുമതി തേടി 600 മുസ്‍ലിം മത്സ്യത്തൊഴിലാളികള്‍
India

'ജീവിക്കാന്‍ അനുവദിക്കുന്നില്ല'; ഗുജറാത്തില്‍ ദയാവധത്തിന് അനുമതി തേടി 600 മുസ്‍ലിം മത്സ്യത്തൊഴിലാളികള്‍

Web Desk
|
9 May 2022 7:56 AM GMT

600 പേർ ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്‍റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.

പോർബന്തർ: തൊഴിലിടത്ത് കടുത്ത വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയില്‍. ഗുജറാത്തിലെ പോർബന്തർ ജില്ലയിലെ ഗോസബറിൽ നിന്നുള്ള 600 മുസ്‍ലിം മത്സ്യത്തൊഴിലാളികളാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നു വര്‍ഷങ്ങളായി തുടരുന്ന കടുത്ത വിവേചനത്തില്‍ മനംനൊന്താണ് ദയാവധത്തിന് അപേക്ഷിച്ചിരിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു.

600 പേർ ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്‍റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹരജിയിൽ വരും ദിവസങ്ങളിൽ കോടതി വിശദമായ വാദം കേൾക്കും. ഒരു നൂറ്റാണ്ടോളമായി നൂറു കുടുംബങ്ങള്‍ പരമ്പരാഗതമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥലമാണിതെന്നും ഫിഷറീസ് വകുപ്പ് മത്സ്യബന്ധനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ളതാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി വകുപ്പ് അധികൃതര്‍ മല്‍സ്യബന്ധനത്തിന് തങ്ങളെ അനുവദിക്കുന്നില്ലെന്നും തുറമുഖത്ത് നങ്കൂരമിടാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പറയുന്നു. 2016 മുതല്‍ തങ്ങളെ ഇത്തരത്തില്‍ വേട്ടയാടുകയാണെന്നും ഇതുമൂലം ജീവനോപാധികള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആളുകളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സർക്കാർ ഒരുക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ അധികാരികൾ തങ്ങളുടെ കുടുംബങ്ങളെ പീഡിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു-മുസ്‍ലിം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ല.നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനത്തിലും തങ്ങള്‍ ഏര്‍പ്പെടുന്നില്ല, എന്നിട്ടും ഞങ്ങളെ ഉപദ്രവിക്കുകയാണ്. ഹരജിക്കാര്‍ പറയുന്നു.



Similar Posts