India
ക്ഷേത്ര നിര്‍മാണത്തിന് ഭൂമി നല്‍കിയില്ല; കുടുംബത്തെ സമുദായത്തില്‍ നിന്നും പുറത്താക്കി,  ഗോമൂത്രം കുടിക്കാനും നിര്‍ദേശം
India

ക്ഷേത്ര നിര്‍മാണത്തിന് ഭൂമി നല്‍കിയില്ല; കുടുംബത്തെ സമുദായത്തില്‍ നിന്നും പുറത്താക്കി, ഗോമൂത്രം കുടിക്കാനും നിര്‍ദേശം

Web Desk
|
17 Nov 2021 5:57 AM GMT

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം

ക്ഷേത്രം പണിയുന്നതിനായി ഭൂമി ദാനം ചെയ്യാത്തതിന്‍റെ പേരിൽ സമുദായത്തില്‍ നിന്നും പുറത്താക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. കൂടാതെ സമുദായത്തിലേക്ക് തിരികെ വരണമെങ്കില്‍ ഗോമൂത്രം കുടിക്കാനും താടി വടിച്ച് തലയില്‍ ചെരുപ്പ് വഹിച്ചുകൊണ്ട് തെരുവിലൂടെ നടക്കാനും പഞ്ചായത്ത് നിര്‍ദേശിച്ചു.

ഗുണയിലെ ശിവാജി നഗർ പ്രദേശത്തെ താമസക്കാരനായ ഹിരാലാൽ ഘോഷിയെയും കുടുംബത്തെയുമാണ് സമുദായത്തില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെ ഹിരാലാല്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ക്ഷേത്രം പണിയുന്നതിനായി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി ദാനം ചെയ്യുന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചതെന്നും ഘോഷി ജില്ലാ കലക്ടറോട് പറഞ്ഞു. '' ക്ഷേത്രം നിര്‍മിക്കാന്‍ പറഞ്ഞ സ്ഥലത്തിന്‍റെ ഒരു ഭാഗം ഞങ്ങളുടെ കുടുംബം സംഭാവന ചെയ്തു, പക്ഷേ പഞ്ചായത്ത് അംഗങ്ങൾക്ക് ഞങ്ങളുടെ മുഴുവൻ ഭൂമിയും വേണം. ഈ ആവശ്യം നിരസിച്ചപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ആരും പോകരുത്, സമുദായത്തിൽ നിന്നുള്ള ആരെയും കുടുംബത്തിൽ വിവാഹം കഴിക്കാൻ അനുവദിക്കില്ല എന്ന നിബന്ധനയോടെ ഞങ്ങളുടെ കുടുംബത്തെ സമുദായത്തിൽ നിന്ന് പുറത്താക്കി'' ഹിരാലാലിന്‍റെ പരാതിയില്‍ പറയുന്നു.

പുറത്താക്കലിനെക്കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ ഹിരാലാല്‍ ഇതു ഫോണില്‍ പകര്‍ത്തിയതും പഞ്ചായത്തിനെ പ്രകോപിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ജില്ലാ കലക്ടർ ഫ്രാങ്ക് നൊബേൽ പറഞ്ഞു. പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.

Similar Posts