India
ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി അപകടം; നിരവധി പേർ മരിച്ചതായി സംശയം
India

ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറി അപകടം; നിരവധി പേർ മരിച്ചതായി സംശയം

Web Desk
|
5 March 2022 1:37 AM GMT

പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടു

കർണാടക ഗുണ്ടൽപേട്ടിലെ ക്വാറി അപകടത്തിൽ നിരവധി പേർ മരിച്ചതായി സംശയം. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടു.

കർണാടക ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ടിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ട് തൊഴിലാളികളെ ചാമരാജ് നഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ്, റവന്യൂ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ബാക്കിയുള്ള തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനങ്ങളാരംഭിച്ചെങ്കിലും ദുഷ്കരമായിരുന്നു ദൗത്യം.

അപകട സമയത്ത് ക്വാറിയിൽ ഇരുപതോളം തൊഴിലാളികളുണ്ടായിരുന്നതായി രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. തുടർന്ന് രക്ഷാപ്രവർത്തന മേറ്റെടുത്ത ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രാത്രി വൈകിയും മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. വലിയ പാറക്കഷണങ്ങൾ വീണ് തകർന്ന ടിപ്പർ ലോറികളും ട്രാക്ടറും ഹിറ്റാച്ചിയുമടക്കമുള്ള വാഹനങ്ങളും മണ്ണിനടിയിലുണ്ട്. മാദഹള്ളി ബൊമ്മലപുര സ്വദേശി മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്വാറി, വയനാട് മുത്തങ്ങ സ്വദേശി ഹക്കീം മൂന്നു കൊല്ലമായി പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. സംഭവത്തിൽ മൈനിംഗ് മാനേജർ അറസ്റ്റിലായിട്ടുണ്ടെന്നും കരാറുകാരടക്കം കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ കേസെടുക്കുമെന്നും ചാമരാജ് എസ് പി ശിവകുമാർ വ്യക്തമാക്കി

Similar Posts