വിവാദ ആള്‍ദൈവം ഗുർമീത് റാം റഹീമിന് ജീവപര്യന്തം
|തന്‍റെ മുൻ മാനേജറായിരുന്ന രഞ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ
ദേരാ സച്ചാ സൌധ തലവൻ ഗുർമീത് റാം റഹീമിന് ജീവപര്യന്തം തടവ്. തന്‍റെ മുൻ മാനേജറായിരുന്ന രഞ്ജീത് സിങ്ങിനെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ. ഗുർമീതിനൊപ്പം മറ്റു നാലുപേർക്കും ജീവപര്യന്തം ശിക്ഷയുണ്ട്. ഹരിയാനയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 31 ലക്ഷം രൂപ പിഴയും ഗുര്‍മീത് നൽകണം.നീണ്ട19 വർഷത്തിന് ശേഷമാണ് വിധി.
2002 ലാണ് റാം റഹീമിന്‍റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് മരിച്ചത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിംഗാണ് എന്നാരോപിച്ചാണ് റാം റഹീമും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്.
എല്ലാകാലത്തും വിവാദനായകനായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ റാം റഹീം സിങ്. 1990 സെപ്തംബര്‍ 23ന് ദേര സച്ച സൗദ സമൂഹത്തിന്റെ തലവനായതോടെ വിവാദങ്ങള്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു. സിക്ക് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങള്‍ വധഭീഷണി വരെയെത്തി. ഇതോടെ സര്‍ക്കാര്‍ ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയൊരുക്കി. ആത്മീയതലത്തില്‍ മാത്രമൊതുങ്ങിയില്ല റാം റഹീം സിങിന്‍റെ പ്രവര്‍ത്തനമേഖല.
2014 ല്‍ രാഷ്ട്രീത്തിലേക്ക് രംഗപ്രവേശം നടത്തിയ ഗുര്‍മീത് ഹരിയാന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തി. ഇതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലും ഈ വിവാദ ആള്‍ദൈവം പ്രതിയായി.മുമ്പ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും റാം റഹീം സിങ് വിചാരണ നേരിട്ടുണ്ട്. ദേരസച്ച സൗദയുടെ മാനേജർ ഫാകിർ ചന്ദ് കൊല ചെയ്യപ്പെട്ട കേസിലും സിബിഐ.റാം റഹീം സിങിനെതിരെ കേസെടുത്തിരുന്നു. ഗുർമീതിനെതിരെ പരാതി ഉയരുമ്പോഴും കേസെടുക്കുമ്പോഴും അനുയായികൾ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്നത് പതിവാണ്.