കറന്റ് ബിൽ 45,000 രൂപ; ഇനി മെഴുകുതിരി തന്നെ ശരണമെന്ന് വീട്ടുടമ
|ചെലവ് കുറയ്ക്കുന്നതിന് സോളാർ പോലെയുള്ള ബദൽ മാർഗങ്ങൾ തേടാനാണ് സോഷ്യൽ മീഡിയയിലെ ഉപദേശം
ഇലക്ട്രിസിറ്റി ബിൽ വരുമ്പോഴുള്ള ബോധക്കേട് മിക്ക വീടുകളിലും സ്ഥിരം കാഴ്ചയാണ്. ബില്ലുകണ്ട് കണ്ണുതള്ളിയവർ പലവിധം. ഇങ്ങനെ 45,491 രൂപയുടെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി മെഴുകുതിരി കയ്യിൽ എടുത്ത ഒരാളാണ് ഗുരുഗ്രാം ആസ്ഥാനമായുള്ള ജോയിൻ ഹുഡ് ആപ്പിൻ്റെ സഹസ്ഥാപകനായ ജസ്വീർ സിംഗ്.
ജസ്വീറിന്റെ വീട്ടിലെ രണ്ട് മാസത്തെ കറന്റ് ബില്ലാണ് 'വെറും' 45,491 രൂപ. 'വൈദുതി ബിൽ അടച്ചു, ഇനി മെഴുകുതിരിയിലേക്ക് മാറാനാണ് ചിന്ത', ബില്ലിന്റെ സ്ക്രീൻഷോട്ട് എക്‌സിൽ പങ്കുവെച്ചുകൊണ്ട് ജസ്വീർ കുറിച്ചത് ഇങ്ങനെയാണ്. പോസ്റ്റ് എന്തായാലും വൈറലായിട്ടുണ്ട്. ഇതിനോടകം 7,500 ലൈക്കുകളും കമന്റുകളും നേടിയ പോസ്റ്റ് നിരവധിയാളുകൾ ഷെയർ ചെയ്യുകയും ചെയ്തു.
ജസ്വീറിന്റെ വീടിന്റെ വലിപ്പവും വൈദ്യുതി ഉപഭോഗവും ചോദ്യം ചെയ്‌ത് ആളുകൾ രംഗത്തെത്തി. എസികൾ, ലൈറ്റുകൾ, വാഷിംഗ് മെഷീൻ, ഡ്രയർ ഇങ്ങനെ എന്തൊക്കെ വീട്ടിലുണ്ട് എന്നായിരുന്നു മറ്റുചിലർക്ക് അറിയേണ്ടത്. ചെലവ് കുറയ്ക്കുന്നതിന് സോളാർ പോലെയുള്ള ബദൽ മാർഗങ്ങൾ തേടാനും ഉപദേശങ്ങളെത്തി. സ്വന്തം വീടാണെങ്കിൽ സോളാർ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഒറ്റത്തവണ നിക്ഷേപം വർഷങ്ങളോളം ലാഭം നേടാൻ സഹായിക്കുമെന്നും മറ്റൊരു ഉപയോക്താവ് നിർദേശിച്ചു.
പ്രധാനമായും എയർകണ്ടീഷണറുകൾ മൂലമാണ് കറന്റ് ബിൽ കൂടുന്നതെന്നാണ് മറ്റൊരു വ്യക്തിയുടെ അഭിപ്രായം. എല്ലാ മുറികളിലും ഒരു എസിയെങ്കിലും ഉണ്ട്, ഇത് ഓഫാക്കാൻ ആരും മെനക്കെടാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്വീറിന്റെ ബിൽ ഒരു ചെറിയ കുടുംബത്തിന്റെ പ്രതിമാസ ചെലവിന് തുല്യമാണെനന്നായിരുന്നു മറ്റൊരാളിന്റെ കമന്റ്.