India
ആര്‍.ടി.ഐ പ്രകാരം വിവരങ്ങള്‍ തേടിയതിന് ദലിത് ആക്ടിവിസ്റ്റിനെ മര്‍ദിച്ചു മൂത്രം കുടിപ്പിച്ചു
India

ആര്‍.ടി.ഐ പ്രകാരം വിവരങ്ങള്‍ തേടിയതിന് ദലിത് ആക്ടിവിസ്റ്റിനെ മര്‍ദിച്ചു മൂത്രം കുടിപ്പിച്ചു

Web Desk
|
1 March 2022 1:38 AM GMT

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പനിഹാറിലാണ് സംഭവം

വിവരാവകാശ നിയമ പ്രകാരം ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയതിന് ദലിത് ആക്ടിവിസ്റ്റിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ പനിഹാറിലാണ് സംഭവം. ശശികാന്ത് ജാദവാണ് (33) മര്‍ദനത്തിനിരയായത്. ഗുരുതരമായ പരിക്കേറ്റ ജാദവ് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

ഫെബ്രുവരി 23ന് ഏഴു പേരടങ്ങുന്ന സംഘമാണ് ശശികാന്തിനെ ആക്രമിച്ചതെന്ന് ശശികാന്തിന്‍റെ ഭാര്യ രേണു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പനിഹാര്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ ശര്‍മ അറിയിച്ചു. പാനിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബർഹി ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ജാദവ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇര നൽകിയ പരാതിയെ ഉദ്ധരിച്ച് അഡീഷണൽ പൊലീസ് സൂപ്രണ്ട് ജയരാജ് കുബേർ പറഞ്ഞു. ഇതിൽ രോഷാകുലരായ ബർഹി സർപഞ്ചിന്‍റെ ഭർത്താവും പഞ്ചായത്ത് സെക്രട്ടറിയും മറ്റുള്ളവരും ചേർന്ന് ഫെബ്രുവരി 23ന് ജാദവിനെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി. ജാദവിനെ ആദ്യം മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതികൾ ക്രൂരമായി മർദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഷൂവില്‍ മൂത്രമൊഴിച്ചു അത് കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ജാദവിനെ ആദ്യം തൊട്ടടുത്ത ജയാരോഗ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് ഡല്‍ഹി എയിംസിലേക്കു മാറ്റിയത്. ജാദവിന്‍റെ മൊഴിയെടുക്കാന്‍ തലസ്ഥാനത്തേക്ക് ഉദ്യോഗസ്ഥനെ അയക്കുമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇരയുടെ മൊഴി ലഭിച്ചതിന് ശേഷം കേസിൽ കൂടുതൽ ശിക്ഷാ വ്യവസ്ഥകൾ ചേർക്കുമെന്നും പൊലീസ് പറഞ്ഞു. ആശാ കൗരവ്, സഞ്ജയ് കൗരവ്, ധമു, ഭുര, ഗൗതം, വിവേക് ​​ശർമ, സർനാം സിംഗ് എന്നീ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Similar Posts