India
ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാർ
India

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാർ

Web Desk
|
24 May 2022 3:26 PM GMT

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും ആരാധനക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീഡിയോ സർവേ നടത്താൻ ഉത്തരവിട്ടത്.

വാരാണസി: ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ വാദം തള്ളി തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാർ. മഹന്ദ് രാജേന്ദ്ര തിവാരിയും മഹന്ദ് ഗണേഷ് ശങ്കറുമാണ് ഹിന്ദുത്വവാദങ്ങളെ തള്ളി രംഗത്തെത്തിയത്. തങ്ങൾ ചെറുപ്പം മുതലേ പള്ളിയിലെ വുദു ടാങ്ക് കണ്ടിട്ടുണ്ടെന്നും അതിലെ ശിലാഘടനയെ വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.

''ഞാൻ കുട്ടിക്കാലം മുതൽ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാൻ പോകുമായിരുന്നു. എതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല''-തിവാരി പറഞ്ഞു.

''ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും എന്റെ പക്കലുണ്ട്. അത് യഥാർഥ ശിവലിംഗം മാറ്റി സ്ഥാപിക്കാൻ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂർവീകർക്ക് നൽകിയിട്ടുണ്ട്. എന്റെ പൂർവീകർ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കുകയും ചെയ്തു. അവിടെ അത് കേടുപാടുകൾ കൂടാതെ ഇന്നും കാണാം''-അദ്ദേഹം പറഞ്ഞു.

''വാസ്തവത്തിൽ കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമാണത്തിനായാണ് യഥാർഥ ശിവലിംഗങ്ങൾ നശിപ്പിക്കപ്പെടുന്നത്. ഇടനാഴിയുടെ വിപുലീകരണം നടക്കുമ്പോൾ അവർ ശിവലിംഗങ്ങൾ തകർത്തു. കരുണേശ്വർ മഹാദേവ്, അമൃതേശ്വർ മഹാദേവ്, അഭിമുക്തേശ്വർ മഹാദേവ്, ചണ്ഡി-ചന്ദേശ്വർ മഹാദേവ് ഇവരാണ് കാശിയുടെ അധിപ ദേവതകൾ. ദുർമുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ പാഞ്ച് വിനായകരുടെ പ്രതിമകളും അവർ തകർത്തു. അവയുടെ മൂലസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷെ ആരും ഇതിനെക്കുറിച്ച് സംസാരിക്കില്ല''-തിവാരി പറഞ്ഞു.

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും ആരാധനക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീഡിയോ സർവേ നടത്താൻ ഉത്തരവിട്ടത്. കഴിഞ്ഞ ആഴ്ചയാണ് പള്ളിയിൽ വീഡിയോ സർവേ നടത്തിയത്.

സർവേക്കായി വുദൂഖാനയിലെ വെള്ളം വറ്റിച്ചപ്പോൾ ശിവലിംഗം കിട്ടിയെന്നാണ് സ്ത്രീകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷന്റെ അവകാശവാദം. തുടർന്ന് ഈ ഭാഗം കെട്ടിമറിച്ച് പ്രവേശനം നിഷേധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് സുപ്രിംകോടതി ഇടപെട്ടാണ് മുസ്‌ലിംകളുടെ പ്രാർഥന തടയരുതെന്ന് ഉത്തരവിട്ടത്. വുദു ഖാനയിലേക്ക് വെള്ളം വരുന്ന ഫൗണ്ടനാണ് ശിവലിംഗം എന്നവകാശപ്പെട്ട് എടുത്തുകൊണ്ടുപോയതെന്നാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്.

Similar Posts