India
India
ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ ഹൃദയാഘാതം മൂലം മരിച്ചു
|1 Aug 2022 5:15 AM GMT
ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ സുപ്രധാന അഫിഡവിറ്റ് ആഗസ്ത് നാലിന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അഭയ്‌നാഥ് യാദവിന്റെ അപ്രതീക്ഷിത വിയോഗം.
ന്യൂഡൽഹി: ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഭയ്‌നാഥ് യാദവ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഞായറാഴ്ച രാത്രി 10.30നാണ് അദ്ദേഹത്തിൽ ഹൃദയാഘാതമുണ്ടായതെന്ന് ബനാറസ് ബാർ അസോസിയേഷനിലെ അഭിഭാഷകൻ നിത്യാനന്ദ് റായ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ സുപ്രധാന അഫിഡവിറ്റ് ആഗസ്ത് നാലിന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അഭയ്‌നാഥ് യാദവിന്റെ അപ്രതീക്ഷിത വിയോഗം. ഗ്യാൻവാപി കേസിൽ ഇനി ഒക്ടോബറിലാണ് സുപ്രിംകോടതി വാദം കേൾക്കുക. വിഷയം ഇപ്പോൾ കീഴ്‌ക്കോടതി പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി വാദം കേൾക്കുന്നത് നീട്ടിയത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, നരസിംഹ എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.