ഗ്യാൻവാപി പള്ളിയിലെ സർവേക്കെതിരായ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|സർവേ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക
ഡല്‍ഹി: ഗ്യാൻവാപി കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സർവേ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജിയിൽ എതിർ കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. കേസുമായി ബന്ധപ്പെട്ട് യു.പി സർക്കാരും ഇന്ന് കോടതിയെ നിലപാടറിയിക്കും. കോടതി നിർദേശിക്കുന്നത് വരെ വാരാണസി കോടതി കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്നലെ നിർദേശം നൽകിയിരുന്നു.
ഹിന്ദുസേനയുടെ അഭിഭാഷകന്‍റെ ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് സുപ്രിംകോടതി ഇന്നത്തേക്ക് കേസ് മാറ്റിയത്. ആരാധനാലയങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന് എതിരാണ്, പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സീൽ ചെയ്ത നടപടിയെന്നാണ് മസ്ജിദ് വാദം. പള്ളിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നുണ്ട്. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗത്ത് ആരാധനയ്ക്ക് അനുവാദം നൽകണമെന്ന് ഹിന്ദു സേന വാദിക്കും. ഹരജിയിൽ യു.പി സർക്കാരും ഇന്ന് നിലപാടറിയിക്കും.
ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന ഭാഗം സംരക്ഷിക്കപ്പെടേണ്ടതല്ലേ എന്ന് കഴിഞ്ഞ തവണ യു,പി സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ ചോദിച്ചിരുന്നു. വൈകീട്ട് മൂന്ന് മണിക്കാണ് ഹരജിയിൽ കോടതി വിശദമായ വാദം കേൾക്കുക. സുപ്രിംകോടതി കേസിൽ വാദം കേൾക്കുന്നത് വരെ വരാണസി കോടതിയിലെ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. പള്ളികമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.