India
ഗ്യാൻവാപി പള്ളിയിൽ സർവേയുമായി ഉദ്യോഗസ്ഥ സംഘം; പ്രതിഷേധവുമായി വിശ്വാസികൾ, സംഘര്‍ഷം
India

ഗ്യാൻവാപി പള്ളിയിൽ സർവേയുമായി ഉദ്യോഗസ്ഥ സംഘം; പ്രതിഷേധവുമായി വിശ്വാസികൾ, സംഘര്‍ഷം

Web Desk
|
6 May 2022 11:08 AM GMT

ഏപ്രിൽ 26നാണ് ഗ്യാൻവാപി പള്ളിയിൽ വിശദമായ സർവേ നടത്താൻ വരാണസി കോടതി ഉത്തരവിട്ടത്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നീക്കത്തിനിടെ സംഘർഷം. വരാണസി കോടതിയുടെ ഉത്തരവിനെ തുടർന്നാണ് അഡ്വക്കറ്റ് കമ്മിഷണർ അജയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നാലംഗ സംഘം കാശിവിശ്വനാഥ് ക്ഷേത്രത്തിന്റെ സമീപത്തുള്ള പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്താനെത്തിയത്. എന്നാൽ, പള്ളി കമ്മിറ്റി പ്രതിഷേധവുമാ ായി രംഗത്തെത്തിയിരിക്കുകയാണ്.

മൂന്നു മണിയോടെയാണ് ഉദ്യോഗസ്ഥസംഘം സർവേ നടപടികൾ ആരംഭിച്ചത്. എന്നാൽ, പള്ളി ഭാരവാഹികളും വിശ്വാസികളും സംഘത്തെ തടഞ്ഞു. തുടർന്ന് കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

ഏപ്രിൽ 26നാണ് ഗ്യാൻവാപി പള്ളിയിൽ വിശദമായ സർവേ നടത്താൻ വരാണസി കോടതി ഉത്തരവിട്ടത്. മേയ് ആറ്, ഏഴ് തിയതികളിൽ പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്തുകയും ഇതിന്റെ വിഡിയോ പകർത്തുകയും ചെയ്യാനായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചു.

പള്ളിയിൽ വിശദമായ സർവേ നടത്തി മേയ് പത്തിന് നടക്കുന്ന അടുത്ത വാദംകേൾക്കലിനു മുൻപ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കക്ഷികളുടെയും സാന്നിധ്യത്തിലാകണം സർവേനടപടികളെന്നും കോടതിയുടെ നിർദേശമുണ്ട്. നേരത്തെ, പള്ളിയുടെ കോംപൗണ്ടിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) സർവേയ്ക്ക് ഉത്തരവിട്ട വരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

മുഗൾ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 1991ലാണ് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഹരജി കോടതിയിലെത്തിയത്. പള്ളിയുടെ കോംപൗണ്ടിൽ പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി സ്വദേശിയായ രാഖി സിങ് എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ കോടതിയുടെ നടപടി.

Summary: Gyanvapi Masjid's survey begins amidst mosque's management protests over videography

Similar Posts