India
Gyanvapi row allahabad HC to pronounce verdict on August 3
India

ഗ്യാൻവാപി മസ്ജിദിലെ സർവെ തടയണമെന്ന ഹരജിയിൽ വിധി ആഗസ്ത് മൂന്നിന്

Web Desk
|
27 July 2023 2:15 PM GMT

സർവക്കെതിരെ മസ്ജിദ് കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ സർവെ തടയണമെന്ന ഹരജിയിൽ വിധി ആഗസ്ത് മൂന്നിന്. അതുവരെ സർവക്കുള്ള സ്റ്റേ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ പറഞ്ഞു. സർവക്കെതിരെ മസ്ജിദ് കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്.

മൂന്നു ദിവസം നീണ്ടുനിന്ന വാദം കേൾക്കലിന് ശേഷമാണ് സർവെ തടയണമെന്ന ഹരജിയിൽ അടുത്ത മാസം മൂന്നിന് വിധിപറയാൻ മാറ്റിയത്. മസ്ജിദ് നിർമിച്ചത് ക്ഷേത്രം തകർത്താണെന്നും ഇതുതെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ആവശ്യപ്പെട്ട് നാല് ഹിന്ദുസ്ത്രീകളാണ് വാരണാസി ജില്ലാ കോടതിയിൽ ഹരജി നൽകിയത്. സർവെയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൃപ്തനല്ലെന്നും സംശയങ്ങൾ ഉണ്ടെന്നും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ വാദത്തിനിടയിൽ പറഞ്ഞു.

തുടർന്ന് പുരാവസ്തു വകുപ്പ് സർവെ ഉദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ചുവരുത്തി. അദ്ദേഹം സർവെ രീതികൾ ഇന്നലെയും ഇന്നുമായി കോടതിയിൽ വിശദീകരിച്ചു. സർവെയുടെ ഭാഗമായുള്ള ഖനനം പള്ളിക്ക് കേടുപാട് ഉണ്ടാക്കുമെന്ന് മസ്ജിദ് കമ്മറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ നഖ്വി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇല്ലാതെയാണ് ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന വാദവുമായി ഹരജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും നഖ്വി പറഞ്ഞു.

എന്നാൽ ജിപിആർ രീതി ഉപയോഗിച്ചാണ് സർവെയെന്നും പള്ളിയുടെ കെട്ടിടത്തിന് ഒരു തകരാറും ഉണ്ടാവില്ലെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിൽ കോടതിക്ക് വിലക്ക് ഏർപ്പെടുത്താൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തുടർന്നാണ് വിധി പറയാൻ മാറ്റിയത്. ശിവലിംഗം കണ്ടെത്തി എന്ന് പറയുന്ന സ്ഥലത്തെ കാർബൺ ഡേറ്റിംഗ് പരിശോധന നേരത്തെ സുപ്രിംകോടതി തടഞ്ഞിരുന്നു. അതിന് ശേഷമാണ് പള്ളി പൂർണമായും സർവെ നടത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ ജില്ലാകോടതിയെ സമീപിച്ചത്.

Similar Posts