ഹജ്ജ് അപേക്ഷ അനിശ്ചിതമായി നീളുന്നു; തീർത്ഥാടനത്തെ ബാധിക്കുമെന്ന് ആശങ്ക
|ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തെ ഇത് ബാധിക്കുമെന്നും, വിഷയം പാർലമെന്‍റില്‍ ഉന്നയിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി മീഡിയവണിനോട് പറഞ്ഞു
ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാൻ ഇനിയും കാത്തിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് അപേക്ഷ ക്ഷണിക്കൽ അനന്തമായി നീളുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തെ ഇത് ബാധിക്കുമെന്നും, വിഷയം പാർലമെന്‍റില്‍ ഉന്നയിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി മീഡിയവണിനോട് പറഞ്ഞു.
ജനുവരി ആദ്യവാരം ഹജ്ജ് അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചത്. മാസമാവസാനിക്കാനായിട്ടും അപേക്ഷ ക്ഷണിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പുതിയ ഹജ്ജ് നയം തയ്യാറാക്കുന്നതിൽ മുൻകാലങ്ങളിലില്ലാത്ത കാലതാമസം ഇത്തവണ ഉണ്ടായി. ഈ ഹജ്ജ് നയത്തിന് ഇത് വരെ അംഗീകാരവുമായിട്ടില്ല . ഇതോടെയാണ് ഹജ്ജ് അപേക്ഷ ക്ഷണിക്കലും വൈകുന്നത് . ഈ അനിശ്ചിതത്വം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തെ ബാധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു .
ജൂൺ അവസാനമാണ് ഇക്കുറി ഹജ്ജ് തീർത്ഥാടന സമയം. മെയ് അവസാനത്തിലോ, ജൂൺ ആദ്യവാരമോ ഹജ്ജിന് പുറപ്പെടണമെങ്കിൽ വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. അവസരം ലഭിക്കുന്ന തീർത്ഥാടകർക്ക് മാനസികമായി ഒരുങ്ങുന്നതിനുളള സമയം പോലും ലഭിക്കില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം അപേക്ഷ സമർപ്പിക്കലും , വിസക്കുള്ള നടപടി ക്രമങ്ങളും ഓൺലൈൻ ആയതിനാൽ കുറഞ്ഞ സമയം മതിയെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ വാദം .ഇക്കുറി ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം തീർത്ഥാടകർക്കാണ് സൗദി അറേബ്യ ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 1.25 ലക്ഷം പേരും ഹജ്ജ് കമ്മിറ്റി വഴിയാണ് ഹജ്ജ് നിർവഹിക്കുക.