'ഹലാൽ ഉൽപന്നങ്ങൾ വിൽക്കുന്നു'; കർണാടകയിൽ കെ.എഫ്.സിക്കും മക്‌ഡൊണാൾഡിനും എതിരെ ഹിന്ദുത്വ കാംപയിൻ
|കെ.എഫ്.സിയും മക്‌ഡൊണാൾഡും പിസ ഹട്ടും ഹിന്ദുക്കൾക്ക് ഹലാലല്ലാത്ത വിഭവങ്ങള്‍ ലഭ്യമാക്കണമെന്നും ഹിന്ദുക്കൾക്കായി പ്രത്യേക ഔട്ട്‌ലെറ്റുകൾ വേണമെന്നും ഹിന്ദു ജനജാഗ്രതി വക്താവ് മോഹൻ ഗൗഡ ആവശ്യപ്പെട്ടു
ബംഗളൂരു: ദീപാവലി ആഘോഷം അടുത്തിരിക്കെ ഹലാൽ മാംസ ഉൽപന്നങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണം. ഹലാൽ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിൽ കർണാടകയിൽ സംസ്ഥാനവ്യാപക കാംപയിൻ നടക്കുന്നത്. സംഘത്തിനു കീഴിൽ മക്‌ഡൊണാൾഡ്, കെ.എഫ്.സി, പിസ്സ ഹട്ട് ഉൾപ്പെടെയുള്ള കുത്തക കമ്പനികളുടെ ഔട്ട്‌ലെറ്റുകൾക്കു മുൻപിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.
ഹലാൽ അംഗീകാരത്തിലൂടെ സമാന്തര സമ്പദ്ഘടന പ്രവർത്തിക്കുന്നുണ്ടെന്നും ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലെന്നും ഹിന്ദു ജനജാഗ്രതി വക്താവ് രമേശ് ഷിൻഡെ ആരോപിച്ചു. ഹലാൽ മുസ്‌ലിംകൾക്കു മാത്രമായുള്ളതാണ്. അത് എന്തിനാണ് ഹിന്ദുക്കൾക്കും മറ്റു മതക്കാർക്കും മേൽ അടിച്ചേൽപ്പിക്കുന്നത്?-ഷിൻഡെ ചോദിച്ചു.
ഹലാൽ മുക്ത ദീപാവലി ആഘോഷിക്കാൻ എല്ലാ ഹിന്ദുക്കളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനാൽ, ഹലാൽ ബോർഡ് വച്ച എല്ലാ ഉൽപന്നങ്ങളും ബഹിഷ്‌ക്കരിക്കണം. ഹലാൽ സർട്ടിഫിക്കറ്റുള്ള എല്ലാ സ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിക്കണം. ഹലാൽ വിഭവങ്ങൾ നൽകുന്ന മക്‌ഡൊണാൾഡ് അടക്കമുള്ള അന്താരാഷ്ട്ര കമ്പനികളെയും ബഹിഷ്‌ക്കരിക്കണമെന്നും രമേശ് ഷിൻഡെ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, ഗോവ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും 'ഹലാൽമുക്ത ദീപാവലി' കാംപയിൻ ആരംഭിച്ചിട്ടുണ്ടെന്ന് മറ്റൊരു വക്താവ് മോഹൻ ഗൗഡ പറഞ്ഞു. കെ.എഫ്.സിയും മക്‌ഡൊണാൾഡും പിസ ഹട്ടും ഹിന്ദുക്കൾക്കായി ഹലാലല്ലാത്ത വിഭവങ്ങള്‍ ലഭ്യമാക്കണം. ഹിന്ദുക്കൾക്കായി പ്രത്യേക ഔട്ട്‌ലെറ്റുകൾ വേണം. മെനു കാർഡിൽ നോൺ-ഹലാൽ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും വേണമെന്നും ഗൗഡ ആവശ്യപ്പെട്ടു.
ഈ വർഷം ആദ്യത്തിൽ ഉഗാദി ആഘോഷങ്ങളുടെ ഭാഗമായും കർണാടകയിൽ ഹിന്ദു ജനജാഗ്രതി ഹലാൽ വിരുദ്ധ കാംപയിൻ നടത്തിയിരുന്നു. ഇതിനെ ബി.ജെ.പി നേതാക്കൾ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, കാംപയിൻ വേണ്ടത്ര വിജയം കണ്ടിരുന്നില്ല.
Summary: Right-wing outfit calls for boycott of McDonalds, Pizza Hut and KFC for serving halal meat in Karnataka