India
ഹൽദ്വാനി: 300ലധികം മുസ്‍ലിം കുടുംബങ്ങൾ സുരക്ഷിത ഇടങ്ങൾ തേടി പലായനത്തിൽ
India

ഹൽദ്വാനി: 300ലധികം മുസ്‍ലിം കുടുംബങ്ങൾ സുരക്ഷിത ഇടങ്ങൾ തേടി പലായനത്തിൽ

Web Desk
|
13 Feb 2024 12:53 PM GMT

കൂടുതൽ മുസ്ലീം കുടുംബങ്ങൾ പലായനം ചെയ്യാനുള്ള ഒരുക്കത്തിലാണ്

നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തെ തുടർന്ന് 300ലധികം മുസ്‍ലിം കുടുംബങ്ങൾ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു. ബൻഭൂൽപൂര മേഖലയിൽനിന്നുള്ള കുടുംബങ്ങളാണ് പലായനം ചെയ്യുന്നത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ ഗതാഗത സൗകര്യങ്ങൾ കുറവാണ്. ഇതിനാൽ തന്നെ പലരും അവശ്യവസ്തുക്കളുമായി ദീർഘദൂരം നടക്കുകയാണ്.

നഗരസഭയുടെ നേതൃത്വത്തിൽ മദ്റസ തകർക്കുകയും ഇതിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. നൂറോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തു. പലരും നിരീക്ഷണത്തിലാണ്.

നൈനിറ്റാൾ ജില്ലാ ഭരണകൂടം ഹൽദ്വാനിയുടെ പല ഭാഗങ്ങളിലും കർഫ്യൂവിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു.

എന്നാൽ, ബൻഭൂൽപൂര പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജനങ്ങളോട് വീടുകളിൽ തന്നെ തുടരണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.

കൂടുതൽ മുസ്ലീം കുടുംബങ്ങൾ പലായനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിനാൽ തന്നെ ജില്ലാ ഭരണകൂടം ബൻഭൂൽപൂരയിലേക്കുള്ള ​പ്രവേശന കവാടങ്ങൾ അടച്ചിട്ടുണ്ട്. സംഘർഷത്തിൽ ഏർപ്പെട്ട പ്രതികൾ രക്ഷപ്പെടാൻ വഴിയുണ്ടെന്ന് കാണിച്ചാണ് റോഡുകൾ അടച്ചതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച ജാമിയത്ത് ഉലമ-ഇ ഹിന്ദ് പ്രതിനിധി സംഘം ഹൽദ്വാനി സന്ദർശിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മദ്റസയും പള്ളിയും തകർക്കാനുള്ള തീരുമാനം ഭരണകൂടം തിടുക്കത്തിൽ എടുത്തതാണെന്നും ഇതാണ് പ്രദേശത്ത് സംഘർഷത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും കൂടിക്കാഴ്ചക്ക് ശേഷം ജനറൽ സെക്രട്ടറി അബ്ദുൽ റാസിഖ് പറഞ്ഞു.

തങ്ങൾ ഇവിടെ വന്നത് പ്രദേശത്ത് സമാധാനത്തിനായി അഭ്യർത്ഥിക്കാനാണ്. നിരപരാധികൾക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്.ഡി.എമ്മിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റാസിഖ് പറഞ്ഞു. മദ്റസയുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവുകൾക്കായി ഭരണകൂടം കാത്തിരിക്കണമായിരുന്നു. എന്തുകൊണ്ടാണ് തിടുക്കത്തിൽ നടപടി സ്വീകരിച്ചതെന്നതിന് ഉത്തരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മസ്ജിദും മദ്റസയും തകർത്ത സ്ഥലത്ത് പൊലീസ് സ്റ്റേഷൻ നിർമിക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്നും അ​ദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, മദ്റസ തകർത്തത് കോടതി ഉത്തരവില്ലാതെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു എന്നാണുള്ളത്. അടുത്ത ഹിയറിങ്ങിന് കാത്തുനിൽക്കാതെ നഗരസഭ പൊളിക്കൽ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു.

ഫെബ്രുവരി എട്ടിനാണ് ഗഫൂർ ബസ്തിയിൽ മദ്റസ തകർത്തത്. പ്രദേശവാസികൾ ന​മ​സ്കാ​ര​ത്തി​നു​കൂ​ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു.

അതേസമയം, സംഘർഷത്തിന്റെ പേരിൽ നഷ്ടപരിഹാരം ഈടാക്കാനും നഗരസഭ നടപടി തുടങ്ങിയിട്ടുണ്ട്. 2.44 കോടി രൂപ നഷ്ടപരിഹാരം അടക്കാൻ ആവശ്യപ്പെട്ടാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ അബ്ദുൽ മാലിക്കിന് ഹൽദ്വാനി മുനിസിപ്പൽ കോർപറേഷൻ റിക്കവറി നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ തുക നൽകണമെന്ന് തിങ്കളാഴ്ച നൽകിയ നോട്ടീസിൽ പറയുന്നു.

അനധികൃത നിർമാണം പൊളിക്കാൻ പോയ സംഘത്തെ മാലിക്കിന്റെ അനുയായികൾ ആക്രമിക്കുകയും മുനിസിപ്പൽ കോർപ്പറേഷന്റെ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതായി നോട്ടീസിൽ ആരോപിച്ചു. 15 വാഹനങ്ങൾ കേടുപാടുകൾ വരുത്തിയതിന് 2.41 കോടി രൂപയും ഉപകരണങ്ങൾ കേടുപാടുകൾ വരുത്തിയതിന് 3.52 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

Similar Posts