India
wrestlers protest
India

വനിതാ കായിക താരങ്ങൾക്ക് പരാതി പറയാൻ ഇടമില്ല; ലൈംഗികാതിക്രമ സമിതി രൂപീകരിക്കാതെ ഫെഡറേഷനുകൾ

Web Desk
|
4 May 2023 6:39 AM GMT

ഗുസ്‌തി ഉൾപ്പെടെ അഞ്ച് ഫെഡറേഷനുകൾക്ക് ഒരു ഇന്റേണൽ കമ്മിറ്റി പോലുമില്ലെന്ന് കണ്ടെത്തി. സമിതി രൂപീകരിച്ച ഫെഡറേഷനുകളിൽ നിബന്ധനകൾ പാലിച്ചിട്ടില്ല

11 ദിവസങ്ങൾ.. ഇടവേളകളില്ലാതെ പ്രതിഷേധം, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ജന്തർ മന്തറിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഒരു എഫ്‌ഐആർ ഫയൽ ചെയ്യാൻ സുപ്രിം കോടതി വരെ പോകേണ്ടി വരുന്നു, മുഖ്യപ്രതി മാധ്യമങ്ങളുടെ മുന്നിൽ ഭയമേതുമില്ലാതെ നിൽക്കുമ്പോഴും തങ്ങൾക്ക് പിന്തുണ നൽകാൻ സഹകായിക താരങ്ങളോട് അഭ്യർത്ഥിക്കേണ്ടി വരുന്നു.. പ്രതിഷേധകരായ താരങ്ങൾ നേരിടേണ്ടി വന്ന ദുരവസ്ഥകൾ ചെറുതല്ല.

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രമുഖ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ എം.സി മേരി കോമിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ പാനൽ ചില സുപ്രധാന കണ്ടെത്തലുകളാണ് നടത്തിയത്. 2013 ലെ ലൈംഗികാതിക്രമം തടയൽ (PoSH) നിയമം അനുശാസിക്കുന്ന ആന്തരിക പരാതി കമ്മിറ്റി (ICC) അഥവാ ഇന്റേണൽ കമ്മിറ്റി ഗുസ്‌തി ഫെഡറേഷനിൽ ഉണ്ടായിരുന്നില്ല എന്നതാണ് സുപ്രധാന കണ്ടെത്തൽ.

എന്നാൽ, നിയമം ലംഘിക്കുന്നത് ഗുസ്‌തി ഫെഡറേഷൻ മാത്രമല്ല എന്നതാണ് വാസ്‌തവം. രാജ്യത്തെ പകുതിയിലധികം ദേശീയ കായിക ഫെഡറേഷനുകളിലെയും അവസ്ഥ ഇത് തന്നെയാണ്. 2013ലെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി അഥവാ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപീകരിക്കാൻ കായിക ഫെഡറേഷനുകൾ തയ്യാറായിട്ടില്ല. വിഷയം അത്ര ഗൗരവമായി അധികൃതർ എടുത്തിട്ടില്ല എന്നത് തന്നെയാണ് കാരണം.

2018ലെ ഏഷ്യൻ ഗെയിംസിലും 2021ലെ ടോക്കിയോ ഒളിമ്പിക്‌സിലും കഴിഞ്ഞ വർഷത്തെ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ പങ്കെടുത്ത 30 ദേശീയ കായിക ഫെഡറേഷനുകളിൽ 16 എണ്ണവും ഈ നിബന്ധന പാലിക്കുന്നില്ല. ദി ഇന്ത്യൻ എക്‌സ്‌പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

രാജ്യത്തെ കായികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തത്തിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 2018 മുതൽ 2020 വരെ 161 ശതമാനം വർധനയാണ് സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഉണ്ടായത്. സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണ് പോഷ് ആക്ട് പ്രകാരം ലൈംഗികാതിക്രമ സമിതി രൂപീകരിക്കണമെന്ന് നിഷ്‌കർഷിച്ചത്.

നിയമമനുസരിച്ച്, സമിതിയിൽ കുറഞ്ഞത് നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇതിൽ പകുതിയും സ്ത്രീകൾ ആയിരിക്കണം. ഈ അംഗങ്ങളിൽ ഒരാൾ ഏതെങ്കിലുമൊരു ഒരു എൻ‌ജി‌ഒയിൽ നിന്നോ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷനിൽ നിന്നോ അല്ലെങ്കിൽ അഭിഭാഷകരെ പോലെ ബന്ധപ്പെട്ട വിഷയങ്ങളിൽ പരിചയമുള്ള ഒരു ബാഹ്യ അംഗമായിരിക്കണമെന്നും നിബന്ധനയുണ്ട്.

30 ഫെഡറേഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ അവലോകനം ചെയ്‌തതിൽ ഗുസ്‌തി ഉൾപ്പെടെ അഞ്ച് ഫെഡറേഷനുകൾക്ക് ഒരു ഇന്റേണൽ കമ്മിറ്റി പോലുമില്ലെന്ന് കണ്ടെത്തി. സമിതി രൂപീകരിച്ച ഫെഡറേഷനുകളിൽ നിബന്ധനകൾ പാലിച്ചിട്ടില്ല. നാല് ഫെഡറേഷനുകളിലെ സമിതികളിൽ നിശ്ചിത അംഗസംഖ്യയില്ല. മറ്റ് ആറ് ഫെഡറേഷനുകളിൽ പുറത്തുനിന്നുള്ള ഒരംഗം ഉണ്ടായിരുന്നില്ല. ഒരു ഫെഡറേഷനിൽ രണ്ട് പാനലുകൾ ഉണ്ടായിരുന്നെങ്കിലും സ്വതന്ത്ര അംഗം ഉണ്ടായിരുന്നില്ല.

ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ

നിലവിൽ ഇന്റേണൽ കമ്മിറ്റിയില്ല. ആറംഗ പാനലിൽ രണ്ട് സ്ത്രീകളുള്ള ഒരു അന്വേഷണ സമിതിയുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിൽ പുറത്തുനിന്നുള്ള ഒരംഗത്തെ ഉൾപ്പെടുത്തിയിട്ടില്ല.

ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ

പുതിയ ഭരണകൂടം ഏതാനും മാസങ്ങൾക്കുമുമ്പ് അധികാരമേറ്റതിനാൽ സമിതി രൂപീകരിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നാണ് ടേബിൾ ടെന്നീസ് ഫെഡറേഷന്റെ ന്യായീകരണം. ഒരു മാസത്തിനുള്ളിൽ ഒരു ഐസിസി നിലവിൽ വരുമെന്നും സെക്രട്ടറി ജനറൽ കമലേഷ് മേത്ത പറഞ്ഞു.

ഹാൻഡ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ

ഹാൻഡ്‌ബോൾ ഫെഡറേഷനിലും ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. മെയ് 20ന് ചേരുന്ന വാർഷിക യോഗത്തിന് ശേഷം ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി പ്രിത്പാൽ സിംഗ് സലൂജ പറഞ്ഞു.

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ

ഇന്റേണൽ കമ്മിറ്റിയില്ല. ലൈംഗിക പീഡന പരാതിയുണ്ടെങ്കിൽ ഫെഡറേഷന്റെ ജനറൽ ബോഡി യോഗത്തിൽ അത് ഉന്നയിക്കും. അതിനായി വോളിബോൾ ഫെഡറേഷനിൽ പ്രത്യേക സമിതിയില്ല. ഏത് വിഷയവും ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കപ്പെടുന്നു. തുടർന്ന് എന്താണ് ചെയ്യേണ്ടതെന്ന് എല്ലാ അംഗങ്ങളും ചേർന്ന് തീരുമാനിക്കുമെന്നാണ് സെക്രട്ടറി ജനറൽ അനിൽ ചൗധരിയുടെ വിശദീകരണം.

ഇത് മാത്രമല്ല, ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്ക്വാഷ് റാക്കറ്റ്സ് ഫെഡറേഷൻ, അമച്വർ കബഡി ഫെഡറേഷൻ, ബില്യാർഡ്സ് & സ്നൂക്കർ ഫെഡറേഷൻ, ബാഡ്മിന്റൺ അസോസിയേഷൻ, ആർച്ചെറി അസോസിയേഷൻ, ബാസ്കറ്റ്ബോൾ ഫെഡറേഷൻ തുടങ്ങി നിരവധി ഫെഡറേഷനുകളിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ലൈംഗികാതിക്രമം തടയുന്നതിനും ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനുമായി ഇന്റേണൽ കമ്മിറ്റി പ്രധാനമാണെന്നിരിക്കെ വിഷയം അത്ര ഗൗരവമായി കാണാതെ മുഖംതിരിക്കുകയാണ് അധികൃതർ.

അതേസമയം, സമര വേദിയിലെ പൊലീസ് അതിക്രമത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുസ്തിതാരങ്ങള്‍ രംഗത്തെത്തി. മദ്യപിച്ചെത്തിയ പൊലീസ് മര്‍ദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്ന് സമരക്കാര്‍ പറയുന്നു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകല്‍ സമരം 13ആം ദിവസത്തിലെത്തി.

Similar Posts