ഒമിക്രോൺ ഭീതി; ബജറ്റിന് മുന്നോടിയായുള്ള ഹൽവ ചടങ്ങ് ഒഴിവാക്കി
|2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്.
ഒമിക്രോൺ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹൽവ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കി. പകരം പ്രധാനപ്പെട്ട ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് പുറത്തുപോകുന്നതിൽ വിലക്കുണ്ട്. അവരുടെ 'ലോക്ക് ഇൻ' ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹൽവ ചടങ്ങ് നടത്തുന്നത്.
'നോർത്ത് ബ്ലോക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പുള്ള കാലയളവിൽ എല്ലാ ഉദ്യോഗസ്ഥരും കഴിയുക. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ'- പ്രസ്താവനയിൽ പറയുന്നു.
2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും' മന്ത്രാലയം പുറത്തിറക്കി.