'ഭരിക്കാൻ അറിയില്ലെങ്കിൽ ഡൽഹിയെ ഇങ്ങോട്ട് തന്നേക്ക്': കെജരിവാളിനോട് ഹരിയാന മുഖ്യമന്ത്രി
|ശുദ്ധജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.
ശുദ്ധജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. എന്ത് പ്രശ്‌നമായാലും അത് ഇനി മലനീകരണത്തിന്റെ പേരിലായാലും ഹരിയാന സർക്കാറിനെ കുറ്റപ്പെടുത്തുകയാണ് ഡൽഹി സർക്കാരെന്നും ഖട്ടർ പറഞ്ഞു.
ഡൽഹിക്ക് അനുവദിച്ചിരിക്കുന്ന ശുദ്ധജലം ഹരിയാന സർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് ഡൽഹി ജലബോർഡ് ആരോപിച്ചതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. എന്നാൽ ഒരുതുള്ളി വെള്ളംപോലും തടഞ്ഞുവെക്കുന്നില്ലെന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കുന്നത്. പ്രശ്‌നങ്ങളൊക്കെ സഹിച്ചാണ് ഡൽഹിക്ക് വെള്ളം നൽകുന്നത്. യമുനയിൽ നിന്ന് 2,000 ക്യുസെക്‌സ് വെള്ളമാണ് ഹരിയാനക്ക് ലഭിക്കുന്നത്. അതിൽ 1,050 ക്യുസെക്‌സ് വെള്ളം ഡൽഹിക്ക് നൽകുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു.
ഡൽഹിക്ക് എത്രയാണോ ആവശ്യം അതിനേക്കാൾ വെള്ളം ഹരിയാനക്കും ആവശ്യമുണ്ടെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. 2 കോടിയാണ് ഡൽഹിയിലെ ജനസംഖ്യ. ഹരിയാനയിലേത് 2.90 ആണ്. ഭരിക്കാൻ അറിയില്ലെങ്കിൽ ഡൽഹിയെ ഞങ്ങള്‍ക്ക് കൈമാറുന്നതാണ് നല്ലതെന്നും ഖട്ടർ കൂട്ടിച്ചേര്‍ത്തു.
ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലലഭ്യതയാണ് അനുഭവപ്പെടുന്നതെന്നായിരുന്നു ഡല്‍ഹി ജലബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ദയുടെ പ്രതികരണം. നഗരത്തിൽ പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷമായതിന് പിന്നാലെ വിഷയം കോടതിയിലുമെത്തി. അതേസമയം വിഷയം കോടതിയില്‍ എത്തിയതിന് പിന്നാലെ ഹരിയാന വെള്ളം വിട്ടുനല്‍കുന്നുണ്ടെന്നാണ് ഡല്‍ഹി ഇപ്പോള്‍ വ്യക്തമാക്കുന്നത്.