India
ബാങ്ക് കൊടുക്കുമ്പോൾ ഹനുമാൻ ചാലിസ; ഉച്ചഭാഷിണി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
India

ബാങ്ക് കൊടുക്കുമ്പോൾ ഹനുമാൻ ചാലിസ; ഉച്ചഭാഷിണി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്

Web Desk
|
5 April 2022 9:40 AM GMT

ഇന്ത്യയിലെ ഏറ്റവും സമ്പന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ(ബിഎംസി) തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് രാജ് താക്കറെയും സംഘവും ഈ വർഗീയ ധ്രുവീകരണ പ്രചാരണം തുടങ്ങിയത്

മഹാരാഷ്ട്രയിൽ ബാങ്ക് കൊടുക്കുമ്പോൾ ഹനുമാൻ ചാലിസ ചെല്ലാൻ ഉച്ചഭാഷിണി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്. മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്) നേതാവ് രാജ് താക്കറെയടക്കമുള്ള ഹിന്ദുത്വ നേതാക്കൾ തുടങ്ങിയ ബാങ്കിനെതിരെയുള്ള കാമ്പയിനെ പിന്തുണച്ചാണ് ശതകോടീശ്വരനായ സ്വർണവ്യാപാരിയും ബിജെപി നേതാവുമായ മോഹിത് കംബോജ് രംഗത്തെത്തിയിരിക്കുന്നത്. 'ഏതെങ്കിലും ക്ഷേത്രത്തിൽ ഉച്ചഭാഷിണി വേണമെങ്കിൽ ഞങ്ങളോട് ചോദിക്കാം, ഞങ്ങൾ സൗജന്യമായി നൽകാം. എല്ലാ ഹിന്ദുക്കൾക്കും ഒറ്റ ശബ്ദമുണ്ടാകണം. ജയ് ശ്രീരാം! ഹർ ഹർ മഹാദേവ്' ട്വിറ്ററിൽ മോഹിത് പോസ്റ്റ് ചെയ്തു.


ഉച്ചഭാഷിണി വഴിയുള്ള ബാങ്ക് നിരോധിക്കാൻ രാജ്താക്കറയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തിന്റെ പലഭാഗത്തും എംഎൻസ് പ്രവർത്തകർ ഹനുമാൻ ചാലിസ വായിച്ച് പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായ ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ(ബിഎംസി) തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് രാജ് താക്കറെയും സംഘവും ഈ വർഗീയ ധ്രുവീകരണ പ്രചാരണം തുടങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന ശിവസേന- നാഷണൽ കോൺഗ്രസ് പാർട്ടി (എൻസിപി) കൂട്ടുകെട്ടിനെതിരെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ എംഎൻഎസ്സിനും ബിജെപിക്കും വിവാദം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


നേരത്തെ ശിവസേനാ നേതാവായ ബാൽതാക്കറെ ഉച്ചഭാഷിണി വഴിയുള്ള ബാങ്കിനെതിരെ കടുത്ത പ്രചാരണം നടത്തിയിരുന്നു. എന്നാൽ 2019 എൻസിപി, കോൺഗ്രസ് പാർട്ടികളുമായി ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപവത്കരിച്ച് അധികാരത്തിലെത്തിയതോടെ ഹിന്ദുത്വ വാദങ്ങൾ മയപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് ശിവസേനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടിയുണ്ടാക്കിയ രാജ് താക്കറെ. 2005ലാണ് രാജ്, ബാൽ താക്കറെയുടെ മകനും ഇപ്പോഴത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുമായി പിണങ്ങിയത്.


ഇപ്പോൾ രാജ് ഉയർത്തുന്ന വിവാദം സമൂഹത്തെ ഭിന്നിപ്പിക്കാനാണെന്ന് ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ ദിലീപ് വൽസെ പട്ടേൽ വിമർശിച്ചിരുന്നു. ശിവസേനാ നേതാവ് സഞ്ജയ് റാവത്തും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'പള്ളികളിലെ ഉച്ചഭാഷിണി നീക്കണമെന്ന ആവശ്യവുമായി രാജ് താക്കറെ ഇന്നലെ രംഗത്ത് വന്നു. ബിജെപി ഭരിക്കുന്ന ഏതൊക്കെ സംസ്ഥാനങ്ങളിൽ ബാങ്ക് നിർത്തിയെന്നും ഉച്ചഭാഷിണി ഒഴിവാക്കിയെന്നും ആദ്യം കാണുക. ഇത് മഹാരാഷ്ട്രയാണ്. നാട്ടിലെ നിയമം ഇവിടെ പിന്തുടരും' കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം വ്യക്തമാക്കി.

സമാജ്‌വാദി പാർട്ടി നേതാവ് വിഷയത്തിൽ കൗതുകകരമായ നിലപാടാണ് സ്വീകരിച്ചത്. ഒരു ജ്യൂസ് സ്റ്റാൾ തുടങ്ങിയ ഇദ്ദേഹം ഹനുമാൻ ചാലിസ ചെല്ലാനെത്തുന്നവർക്ക് സൗജന്യ പാനീയം വാഗ്ദാനം ചെയ്തു.

നേരത്തെ അനുമതിയില്ലാതെ പൊതുസ്ഥലത്ത് ഹനുമാൻ ചാലിസ ചൊല്ലിയ എംഎൻഎസ് നേതാവ് മഹേന്ദ്ര ഭനുശാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനുമതിയില്ലാതെ മുംബൈ ഗാട്‌ഗോപറിലെ പാർട്ടി ഓഫീസിന് മുന്നിൽ ഉച്ചഭാഷണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തരുന്നത്. കസ്റ്റഡിയിലെടുത്ത നേതാവിനോട് 5,050 രൂപ പിഴ ഒടുക്കാൻ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ വീണ്ടും വായിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പൊലീസ് ഇദ്ദേഹത്തിന് നൽകി. മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാണ് രാജ് താക്കറെ നേരത്തെ ആവശ്യപ്പെട്ടത്. ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഉറക്കെ ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ വ്യക്തമാക്കിയിരുന്നു.'ഞാൻ പ്രാർഥനയ്ക്ക് എതിരല്ല. നിങ്ങൾക്ക് വീടുകളിൽ പ്രാർത്ഥിക്കാം. എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്? പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ച് ഹനുമാൻ ചാലിസ വായിക്കും'- മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ രാജ് താക്കറെ പറഞ്ഞു.



മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികൾ റെയ്ഡ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ അഭ്യർഥിച്ചു. അവിടെ താമസിക്കുന്ന ആളുകൾ 'പാക് അനുകൂലികളാണ്' എന്നാണ് രാജ് താക്കറെയുടെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ടർമാരെ വഞ്ചിച്ചുവെന്നും രാജ് താക്കറെ വിമർശിച്ചിരുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചപ്പോൾ ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായതെന്നും പ്രതിപക്ഷത്തിന്റെ കൂടെകൂടിയതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

ശിവസേനയുടെ സഖ്യകക്ഷിയായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻ.സി.പി) രാജ് താക്കറെ കടന്നാക്രമിച്ചു. 1999ൽ എൻ.സി.പി രൂപീകരിച്ചതു മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്നും ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുകയാണെന്നുമാണ് ആരോപണം. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ രാജ് താക്കറെ അഭിനന്ദിച്ചു. 'ഉത്തർപ്രദേശ് പുരോഗമിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. മഹാരാഷ്ട്രയിലും ഇതേ വികസനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞാൻ അയോധ്യ സന്ദർശിക്കും. ഹിന്ദുത്വത്തെക്കുറിച്ചും സംസാരിക്കും' അദ്ദേഹം പറഞ്ഞു.

Hanuman Chalisa, Azaan, bank, BJP, Loudspeaker, mns, raj thackeray,

Similar Posts