India
ഹനുമാൻ ജയന്തി  സംഘർഷം; അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
India

ഹനുമാൻ ജയന്തി സംഘർഷം; അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

Web Desk
|
20 April 2022 1:39 AM GMT

ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണ സംഘം

ഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരിൽ അഞ്ച് പേർക്കെതിരെ ഡൽഹി പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.

അൻസാർ, സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദിൽഷാദ്, അഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 25 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡൽഹി പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അതേ സമയം ഹനുമാൻ ജയന്തിഘോഷയാത്രക്കിടെ ഡൽഹി ജഹാംഗീർപുരി നടന്ന സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു സംഘർഷത്തിന്‍റെ നിജസ്ഥിതി അറിയാൻ ഡൽഹി പൊലീസിന്റെ പങ്കാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും സംഘർഷം തടയാൻ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സംഘാഗവും സി.പി.എം ഡൽഹി സെക്രട്ടറിയേറ്റ് അംഗവുമായ പ്രൊഫ.രാജീവ് കുൻവർ പറഞ്ഞു.

ശനിയാഴ്ച ജഹാംഗീർപുരി നടന്ന സംഘർഷത്തിൽ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വിട്ട വസ്തുതാന്വേഷണ റിപ്പോർട്ട്. ഘോഷയാത്രക്കൊപ്പം മുന്നിലും പിന്നിലും രണ്ട് ജീപ്പുകളിൽ പൊലീസ് ഉണ്ടായിരുന്നു. തോക്കുകളും വാളുകളുമായി പ്രകോപന മുദ്രാവാക്യലുയർത്തി നീങ്ങുന്ന ജാഥക്കൊടുവിൽ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞു കൊണ്ടായിരുന്നു ജാഥ നടത്താൻ പൊലീസ് അനുവദിച്ചത്.

പൊലീസിന്റെ നിലവിലെ അന്വേഷണം പക്ഷപാതമാണെന്നും അതിനാൽ എത്രയും വേഗം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രൊഫ.രാജീവ് കുൻവർ ആവശ്യപ്പെട്ടു. വിവിധ വിഭാഗക്കാർ തമ്മിൽ സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ഘോഷയാത്രക്കാർക്കെതിരെ നടപടി എടുക്കാതെ ഒരുവിഭാഗത്തിൽപെട്ടവരെ മാത്രം അറസ്റ്റ് ചെയ്യുന്ന നടപടി തെറ്റണെന്നും ഈ കാര്യം അഡീഷനൽ പൊലീസ് കമീഷണർ കിഷൻ കുമാറിനെ നേരിൽ കണ്ടു ധരിപ്പിച്ചുവെന്നും സംഘം അറിയിച്ചു. സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും സംഘർഷ സ്ഥലം സന്ദർശിച്ചാണ് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.


Similar Posts