ഹനുമാൻ ജയന്തി റാലിക്കിടെ സംഘർഷം, കടകളും വാഹനങ്ങളും കത്തിച്ചു; ഒഡീഷയില്‍ 10 പൊലീസുകാർക്ക് പരിക്ക്
|പരിക്കേറ്റ അഡീഷണൽ പൊലീസ് സൂപ്രണ്ടും രണ്ട് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംബൽപൂർ: ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ ഹനുമാൻ ജയന്തിക്ക് മുന്നോടിയായി നടന്ന റാലിയിൽ സംഘർഷം. സംഘർഷത്തിൽ 10 പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഒരു വനിതാ ഓഫീസർ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ പലയിടത്തും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഡീഷണൽ എസ്പി തപൻ കെ മൊഹന്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റാലിക്കിടെയുണ്ടായ അക്രമണത്തിൽ പരിക്കേറ്റ അഡീഷണൽ പൊലീസ് സൂപ്രണ്ടും രണ്ട് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഹനുമാൻ ജയന്തിക്ക് മുന്നോടിയായുള്ള മോട്ടോർ ബൈക്ക് റാലിക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് അക്രമം അഴിച്ചുവിട്ടത്. നൂറിലധികം പേരാണ് റാലിയിൽ പങ്കെടുത്തത്. നഗരത്തിലെ ധനുപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭൂദാപാറ, സുനാപ്ലി എന്നിവിടങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് റാലിക്ക് നേരെ കല്ലേറുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഈ വർഷം ഏപ്രിൽ 15 ന് മഹാവിഷുവ സംക്രാന്തിയിലാണ് ഒഡീഷയിൽ ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. അക്രമത്തെത്തുടർന്ന്, സംബൽപൂർ നഗരത്തിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലും അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിച്ചുകൊണ്ട് സെക്ഷൻ 144-ാം വകുപ്പ് ചുമത്തി. പ്രദേശത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിനിടെ നിരവധി ബൈക്കുകൾ കത്തിക്കുകയും നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.