ഹാനി ബാബുവിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യ വേട്ടയുടെ ഉദാഹരണം: നോം ചോംസ്കി
|ഇന്ത്യയുടെ മതേതര ജനാധിപത്യം ഒരുപാട് ആക്രമണങ്ങൾ അതിജീവിച്ചിട്ടുണ്ട്. എന്നാൽ, ശക്തമായും ഉറച്ചബോധ്യത്തോടെയും എതിരിട്ടില്ലെങ്കിൽ ഇപ്പോഴത്തെ ആക്രമണം കൂടുതൽ വിനാശകരമായിത്തീരാനിടയുണ്ടെന്നും ചോംസ്കി കൂട്ടിച്ചേർത്തു
ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യവേട്ടയുടെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ഹാനി ബാബുവിന്റെ അറസ്റ്റെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ നോം ചോംസ്കി. ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണ പോരാട്ടത്തിൽ പ്രധാനമാണ് ഹാനിക്കു വേണ്ടിയുള്ള പ്രതിരോധമെന്നും ചോംസ്കി പറഞ്ഞു.
ഹാനി ബാബു തടവിലടക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന അക്കാദമിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ചോംസ്കി. സ്കോളേഴ്സ് അറ്റ് റിസ്ക്, ദി ഇൻസറ്റിറ്റ്യൂട്ട് ഫോർ പോസ്റ്റ് കൊളോനിയൽ സ്റ്റഡീസ് എന്നിവയുമായി സഹകരിച്ച് ഹാനിബാബുവിന്റെ സുഹൃത്തുക്കളാണ് 'ഭാഷയും നീതിയും' എന്ന പേരിൽ രാജ്യാന്തര അക്കാദമിക കോൺഫറൻസ് നടത്തിയത്. 22, 23 തിയതികളിലായി അക്കാദമികരംഗത്തെ പ്രമുഖരാണ് ഒാണ്‍ലൈനില്‍ നടക്കുന്ന കോൺഫറൻസില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.
വിശ്വസിക്കാവുന്ന കുറ്റങ്ങളൊന്നുമില്ലാതെ ഞെട്ടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹാനി ബാബു കഴിഞ്ഞൊരു വർഷമായി തടവറയിൽ കഴിയുന്നത്. എന്റെ ആദരണീയനായ അക്കാദമിക സുഹൃത്താണ് അദ്ദേഹം. എന്നാൽ, അതോടൊപ്പം പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള ധീരവും സമർപ്പിതവുമായ പോരാട്ടങ്ങൾക്കു പേരുകേട്ടയാളുമാണ് അദ്ദേഹം. പ്രത്യേകിച്ചും ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും അധസ്ഥിതരും പിന്നാക്കക്കാരുമായവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാര്യത്തിൽ പ്രശസ്തനായയാളാണെന്നും ചോംസ്കി പറഞ്ഞു.
ഏറെനാളായി അധിക്ഷേപകരമായ ചോദ്യംചെയ്യലിനാണ് അദ്ദേഹം ജയിലിനുള്ളിൽ വിധേയനായിട്ടുള്ളത്. അടിയന്തരമായ ആരോഗ്യ ചികിത്സ പോലും ജയിലിൽ നിഷേധിക്കപ്പെട്ടു. വലിയ തോതിൽ സ്വേച്ഛാധിപത്യ സ്വഭാവത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള അടിച്ചമർത്തലിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് ഹാനി ബാബുവിന്റെ കേസ്. ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് നിരന്തരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ ഉണങ്ങിപ്പോകാൻ മാത്രം ദുർബലമായൊരു സസ്യമാണ് ജനാധിപത്യം. ഇന്ത്യയുടെ മതേതര ജനാധിപത്യം ഒരുപാട് ആക്രമണങ്ങൾ അതിജീവിച്ചിട്ടുണ്ട്. എന്നാൽ, ശക്തമായും ഉറച്ചബോധ്യത്തോടെയും എതിരിട്ടില്ലെങ്കിൽ ഇപ്പോഴത്തെ ആക്രമണം കൂടുതൽ വിനാശകരമായിത്തീരാനിടയുണ്ട്. അത്തരത്തിലുള്ള അടിയന്തരവും അത്യാവശ്യവുമായ ദൗത്യത്തിലെ ഒരു നിർണായക ഘടകമാണ് ഹാനി ബാബുവിനു വേണ്ടിയുള്ള പോരാട്ടവും- ചോംസ്കി കൂട്ടിച്ചേർത്തു.