ഹർ ഘർ തിരംഗക്ക് ഇന്ന് രാജ്യത്ത് തുടക്കം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനങ്ങൾ
|രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ 75 വർഷങ്ങൾ ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തത്.
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗ്ക്ക് ഇന്ന് രാജ്യത്ത് തുടക്കം. ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നു ദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയർത്തും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്ക് സംസ്ഥാന സർക്കാരുകളുടെയും പിന്തുണയുണ്ട്.
രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ 75 വർഷങ്ങൾ ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കുന്നതിന് വേണ്ടിയാണ് ഹർ ഘർ തിരംഗ. ഓരോ വീട്ടിലും പതാക ഉയർത്തുന്നതിനായി ഫളാഗ് കോഡിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വായന ശാലകൾ, ക്ലബ്ബുകൾ, പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയിടങ്ങളിലും ദേശീയ പതാക ഇന്ന് മുതൽ ഉയർത്തും.
കേന്ദ്ര മന്ത്രിമാർ മുതൽ സാധാരണക്കാർ വരെ സ്വന്തം വീടുകളിൽ ദേശീയ പതാക ക്യാമ്പയിനിന്റെ ഭാഗമായി ഉയർത്താൻ പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാന മന്ത്രിയുടെ ആഹ്വാനം സംസ്ഥാന സർക്കാരുകളും ഏറ്റെടുത്തിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങളും സന്നദ്ധ സംഘടന കൂട്ടായ്മകളും ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പടെ രാജ്യത്തെ പ്രധാന നഗരങ്ങൾ എല്ലാം തന്നെ ഇതിനോടകം ദേശീയ പതാകകളാൽ അലങ്കരിച്ചിട്ടുണ്ട്. ദേശീയ പതാക ഉയർത്തുന്നതോടൊപ്പം തിരംഗാ യാത്രകൾ, വിവിധ കലാപരിപാടികൾ എന്നിവയും നടക്കുന്നുണ്ട്. ഇതിനോടകം സംഘടിപ്പിച്ച തിരംഗ യാത്ര എന്ന ബൈക്ക് റാലികളിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു.