സി.വി ആനന്ദ ബോസിനെതിരെയായ പീഡന പരാതി; സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് രാജ്ഭവൻ
|മമതയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നും രാജ്ഭവൻ അറിയിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് രാജ്ഭവൻ. നാളെ രാവിലെ 11:30ന് രാജഭവനിൽ എത്തുന്നവർക്ക് മുന്നിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും. ദൃശ്യങ്ങൾ ലഭ്യമാകുന്നില്ലെന്ന പൊലീസ് ആരോപണത്തെ തുടർന്നാണ് തീരുമാനം. ദൃശ്യങ്ങൾ ആവശ്യമുള്ളവർക്ക് നൽകുമെന്നും രാജ്ഭവൻ അറിയിച്ചു. മമതയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നും രാജ്ഭവൻ അറിയിച്ചു.
പീഡനപരാതിയിലെ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സഹകരിക്കാത്തതിൽ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നും ഗവർണർക്കുള്ള ഭരണഘടനയുടെ പരിരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതിയെ ധരിപ്പിക്കുമെന്നും ബംഗാൾ സർക്കാർ നേരത്തേ അറിയിച്ചിരുന്നു. പീഡനപരാതിയിൽ സഹകരിക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
രാജ്ഭവൻ ജീവനക്കാരിയാണ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത് .രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയായ ഇവർ ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.