ബംഗാൾ ഗവർണർക്കെതിരായ പീഡന പരാതി; രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്
|തിങ്കളാഴ്ചക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം
കൊൽക്കത്ത: ബംഗാൾ ഗവർണർ സി വി ആന്ദബോസിനെതിരായ പീഡന പരാതിയിൽ മൂന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസയച്ച് പൊലീസ്. തിങ്കളാഴ്ചക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയത്. നേരത്തേ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഒരാൾ മാത്രമാണ് ഹാജരായത്. ശേഷിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരോടാണ് വീണ്ടും ഹാജരാകാൻ നിർദേശിച്ചത്.
അന്വേഷത്തോട് രാജ്ഭവന് നിസ്സഹകരണ മനോഭവമാണ്. പരാതി ഉയർന്നതുമുതൽ രാജ്ഭവനിലേക്കുള്ള പൊലീസിന്റെ പ്രവേശനത്തെ ഗവർണ്ണർ തടഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും നൽകാൻ അദ്ദേഹം തയാറായില്ല. അനുവാദമില്ലാതെ ഗവർണർ തന്റെ ദേഹത്ത് സ്പർശിച്ചുവെന്നാ സ്ത്രീയുടെ പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ക്രിമിനൽ നടപടികളിൽനിന്ന് ഭരണഘടന ഗവർണർക്ക് പരിരക്ഷ നൽകുന്നുണ്ട്. ഇതിൽ നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.