India
Hardik Pandya
India

ഹര്‍ദിക് പാണ്ഡ്യയുടേയും ക്രുനാല്‍ പാണ്ഡ്യയുടേയും കോടികള്‍ തട്ടിയ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

Web Desk
|
11 April 2024 7:25 AM GMT

ഹര്‍ദിക്കിന്റെയും ക്രുനാല്‍ പാണ്ഡ്യയുടേയും പാര്‍ട്ണര്‍ഷിപ്പിലുള്ള സ്ഥാപനത്തില്‍ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ക്രിക്കറ്ററും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ വൈഭവ് പാണ്ഡ്യക്കെതിരെ കേസ്. ഹര്‍ദിക്കിന്റെയും സഹോദരനും ക്രിക്കറ്ററുമായ ക്രുനാല്‍ പാണ്ഡ്യയുടേയും പാര്‍ട്ണര്‍ഷിപ്പിലുള്ള സ്ഥാപനത്തില്‍ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 37 കാരനായ വൈഭവിനെതിരെ ഫണ്ട് തിരിമറി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്തത്.

മൂവരും ചേര്‍ന്ന് 2021 ലാണ് പോളിമര്‍ ബിസിനസ് ആരംഭിച്ചത്. ഹര്‍ദിക്കും ക്രുനാലും 40 ശതമാനവും വൈഭവ് 20 ശതമാനവുമാണ് നിക്ഷേപം നടത്തിയത്. സ്ഥാപനം നോക്കി നടത്താനുള്ള ചുമതലയും വൈഭവിനായിരുന്നു. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കാമെന്ന കരാറിലായിരുന്നു സ്ഥാപനം ആരംഭിച്ചത്.

എന്നാല്‍ ഹര്‍ദിക്കിനെയോ ക്രുനാലിനേയോ അറിയിക്കാതെ വൈഭവ് മറ്റൊരു സ്ഥാപനം ആരംഭിക്കുകയും പങ്കാളിത്ത കരാര്‍ ലംഘിക്കുകയും ചെയ്തു. ഇതോടെ ആദ്യ സ്ഥാപനത്തിന് മൂന്ന് കോടിയോളം നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. അതേസമയം വൈഭവ് ഇരുവരേയും അറിയിക്കാതെ പങ്കാളിത്ത സ്ഥാപനത്തിലെ നിക്ഷേപം 20ശതമാനത്തില്‍ നിന്നും 33.3 ശതമാനമാക്കി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അതേസമയം ഹര്‍ദിക്കോ ക്രുനാലോ ഇതില്‍ പ്രതികരിച്ചിട്ടില്ല.

Similar Posts