'ചിക്കൻ സാൻഡ്‌വിച്ച്'; രാഹുൽ ഗാന്ധിയെ ട്രോളി ഹാർദിക് പട്ടേൽ
|"എല്ലാറ്റിനെയും എതിർക്കുന്നത് മാത്രമായി കോൺഗ്രസിന്റെ ശൈലി മാറി"
അഹമ്മദാബാദ്: പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലിന്‍റെ രാജിക്കത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പരോക്ഷ വിമര്‍ശം. രാഹുൽ ഗാന്ധിക്ക് ചിക്കൻ സാൻഡ്‌വിച്ച് ഉറപ്പാക്കുന്നതിലായിരുന്നു സംസ്ഥാന നേതാക്കളുടെ ശ്രദ്ധയെന്നും പ്രതിസന്ധി ഘട്ടത്തില്‍ നേതാക്കള്‍ വിദേശത്തായിരുന്നു എന്നും ഹാര്‍ദിക് ആരോപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പിനായി കോൺഗ്രസ് കച്ച മുറുക്കുന്ന വേളയിലാണ് വർക്കിങ് പ്രസിഡണ്ട് കൂടിയായ ഹാർദിക് പാർട്ടി വിട്ടത്. സംസ്ഥാനത്തെ പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന ഇദ്ദേഹം 2019ലാണ് കോൺഗ്രസിലെത്തിയത്.
'ഡൽഹിയിൽനിന്ന് സംസ്ഥാനത്തെത്തുന്ന വലിയ നേതാക്കൾക്ക് അവർക്കിഷ്ടപ്പെട്ട ചിക്കൻ സാൻവിച്ച് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു സംസ്ഥാന നേതാക്കൾ. പദയാത്രകളിൽ ജനങ്ങളുമായി സംവദിക്കുന്നതിനേക്കാൾ ഇക്കാര്യങ്ങളിലാണ് അവർ ശ്രദ്ധ വച്ചത്. സർദാർ വല്ലഭ്ഭായി പട്ടേലിനെ കോൺഗ്രസ് അപമാനിച്ചത് ഗുജറാത്തികൾ മറക്കില്ല. യുവാക്കളിൽ കോൺഗ്രസിന് വിശ്വാസം നഷ്ടപ്പെട്ടതായി ഞാൻ ഉറച്ചു വിശ്വസിക്കുന്നു.' - അദ്ദേഹം കുറിച്ചു.
കോൺഗ്രസ് നേതൃത്വത്തിലെ അനിശ്ചിതാവസ്ഥയും ഹാർദിക് തുറന്നെഴുതി. 'പ്രശ്‌നങ്ങളെ കോൺഗ്രസ് നേതൃത്വം ഗൗരവപൂർവം സമീപിക്കുന്നില്ല. മുതിർന്ന നേതാക്കളെ ഞാൻ കണ്ടപ്പോഴെല്ലാം ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. രാജ്യം വെല്ലുവിളി നേരിടുന്ന വേളയിൽ കോൺഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾ വിദേശത്ത് ആഘോഷിക്കുകയാണ്. ഗുജറാത്തിനെയും ഗുജറാത്തികളെയും വെറുക്കുന്ന പോലെയാണ് മുതിർന്ന നേതാക്കൾ പെരുമാറുന്നത്. കോൺഗ്രസിനെ എങ്ങനെയാണ് ഗുജറാത്തികൾ ഒരു ബദലായി കാണുക' - അദ്ദേഹം ചോദിച്ചു.
എല്ലാറ്റിനെയും എതിർക്കുന്നത് മാത്രമായി കോൺഗ്രസിന്റെ ശൈലി മാറിയെന്നും ഹാർദിക് കുറ്റപ്പെടുത്തി. 'മൂന്നു വർഷമായി, കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കോൺഗ്രസ് നേതൃത്വം എല്ലാറ്റിനെയും എതിർക്കുന്നതിലേക്ക് ചുരുങ്ങി. ജനങ്ങൾ അവരുടെ ഭാവിക്കായി ഒരു ബദൽ തേടുന്ന വേളയിലാണിത്. അയോധ്യയിലെ രാം മന്ദിർ, ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരമായ ആർട്ടിക്ൾ 370 എടുത്തു കളയൽ, ജിഎസ്ടി നടപ്പാക്കൽ എന്നിവയിൽ എല്ലാം കോൺഗ്രസ് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്.' - അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി കുറച്ചുകാലമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ഹാർദിക് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുണ്ട്. നേരത്തെ, രാമക്ഷേത്ര നിർമാണത്തിലും കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതിലും ഹാർദിക് മോദി സർക്കാറിനെ പ്രശംസിച്ചിരുന്നു.